
തിരുവനന്തപുരം: വൻ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ നവകേരള സദസ്സിന് സമാപനം. പ്രതിഷേധങ്ങളെ അടിച്ചൊതുക്കിയ നടപടിയെ രക്ഷാപ്രവർത്തനമെന്ന് സമാപന സമ്മേളനത്തിലും മുഖ്യമന്ത്രി വിശേഷിപ്പിച്ചു. പ്രതിപക്ഷത്തിൻറെ കലാപാഹ്വാനം തള്ളി കേരള ജനതയാകെ പരിപാടി ഏറ്റെടുത്തുവെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ സർക്കാറിനോടുള്ള ജനത്തിന്റെ എതിർപ്പ് കൂടിയെന്നാണ് പ്രതിപക്ഷ വിലയിരുത്തൽ.
രജനിയുടെ ജയിലർ പടത്തിലെ സൂപ്പർഹിറ്റ് പാട്ടിന്റെ അകമ്പടിയോടെയായിരുന്നു നവകേരള സദസ്സിൻറെ സമാപനസമ്മേളന വേദിയിലേക്കുള്ള പിണറായിയുടെ വരവ്. മഞ്ചേശ്വരം മുതൽ വട്ടിയൂർകാവ് വരെ 36 ദിനം നീണ്ട യാത്ര. നേതാക്കൾ സാധാരണ നടത്താറുള്ള കേരളയാത്രയിൽ നിന്നും ഭിന്നമായി കാബിനറ്റാകെ മണ്ഡലങ്ങളിലേക്കിറങ്ങിയപ്പോൾ ജനം സർക്കാറിനൊപ്പം നിന്നെന്നാണ് സിപിഎം വിലയിരുത്തൽ. അവസാനഘട്ടത്തിൽ പ്രതിപക്ഷനേതാവിന് തിരിച്ചടിക്കാൻ വരെ ആഹ്വാനം ചെയ്യേണ്ടി വന്നത് തന്നെ സദസ്സിന്റെ ജനപ്രീതി കാണിക്കുന്നുവെന്ന് സർക്കാർ.
സദസ്സ് ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തെ തിരിച്ചടിക്കാൻ പ്രേരിപ്പിച്ചത് കരിങ്കൊടി പ്രതിഷേധങ്ങളെ പൊലീസിനൊപ്പം സർക്കാറും മുഖ്യമന്ത്രിയുടെ ഗൺമാനും തല്ലിയത്. അവസാനനിമിഷം വരെ മുഖ്യമന്ത്രി തല്ലിയവരെ കൈവിട്ടില്ല. എതിർശബ്ദങ്ങളെ അടിച്ചൊതുക്കിയ യാത്ര ജനത്തെ സർക്കാറിനെതിരാക്കിയെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ.
സമീപദിനങ്ങളിൽ രാഷ്ട്രീയകേരളം കണ്ടത് നേതാക്കൾ തമ്മിലെ വാടാ പോടാ വിളിയും തെരുവ് യുദ്ധങ്ങളും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സദസ്സ് വഴി സംഘടനയെ ശക്തിപ്പെടുത്താൻ സിപിഎമ്മിന് കഴിഞ്ഞു. പരാതിയെക്കാൾ പ്രാധാന്യം രാഷ്ട്രീയപ്രചാരണത്തിന് തന്നെ. പക്ഷെ ലഭിച്ച പരാതികളിലെ തുടർനടപടികൾ സർക്കാറിന് മുന്നിലെ കടമ്പ. രാഷ്ട്രീയ അനുഭാവികൾക്കപ്പുറം സദസ്സിനോടും മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പ്രയോഗത്തോടുമുള്ള പൊതുസമൂഹത്തിൻറെ നിലപാടുകളും ഭരണപക്ഷത്തിൻറെ ഇനിയുള്ള വെല്ലുവിളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam