'ജലീലിനെ കൊന്ന പോലെ ഏകപക്ഷീയമാവാം അട്ടപ്പാടിയിലെ ആക്രമണവും':വിമർശനവുമായി സഹോദരൻ സി പി റഷീദ്

By Web TeamFirst Published Oct 29, 2019, 8:04 PM IST
Highlights

മാവോയിസ്റ്റ് വേട്ട ഇടതു നയമല്ലെന്ന് പറഞ്ഞ ബിനോയ് വിശ്വത്തെ പോലുള്ളവർ അത് പൊലീസിനെയും മനസിലാക്കി കൊടുക്കണം എന്ന് റഷീദ് 

പാലക്കാട്: വൈത്തിരിയിലെ റിസോ‌ർട്ടിൽ മാവോയിസ്റ്റ് സിപി ജലീലിനെ കൊന്നപോലെ ഏകപക്ഷീയമാകാം അട്ടപ്പാടിയിൽ നടന്ന ആക്രമണവും എന്ന ആരോപണവുമായി ജലീലിന്റെ സഹോദരൻ സി പി റഷീദ്. മാവോയിസ്റ്റ് വേട്ട ഇടതു നയമല്ലെന്ന് പറഞ്ഞ ബിനോയ് വിശ്വത്തെ പോലുള്ളവർ അത് പൊലീസിനെയും മനസിലാക്കി കൊടുക്കണമെന്നും റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിണറായി വിജയൻ അധികാരത്തിലെത്തിയതിന് ശേഷമുള്ള മാവോയിസ്റ്റ് വേട്ടകളിൽ ഒന്നിലും ഒരു പൊലീസുകാരനെതിരെയും അന്വേഷണം നടന്നിട്ടില്ലെന്നും സിപി ജലീൽ കുറ്റപ്പെടുത്തി. 

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷവും മനുഷ്യാവകാശ പ്രവര്‍ത്തകരും രം​ഗത്തെത്തിയതിന് പിന്നാലെയാണ് സിപി ജലീലിന്റെ സഹോ​ദരനും സ‌ർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നത്.

അട്ടിപ്പാടിയിൽ നടന്നത് വ്യാജ ഏറ്റമുട്ടലെന്ന് ആയിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.ഏറ്റുമുട്ടലിനെ കുറിച്ച്  ക്രൈംബ്രാഞ്ച് അന്വേഷണവും മജിസ്റ്റീരിയല്‍ അന്വേഷണവും നടത്തുമെന്ന് ‍ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്.

2019 മാർച്ച് ഏഴിനാണ് വയനാട് വൈത്തിരിയിലെ ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ജലീൽ കൊല്ലപ്പെട്ടതെന്ന് ആയിരുന്നു പൊലീസ് ഭാഷ്യം. എങ്കിലും ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പോരെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകരും ബന്ധുക്കളും രംഗത്തെത്തിയതോടെ സർക്കാർ സംഭവത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

click me!