
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥയിൽ ഒന്നാം പ്രതി ആരോഗ്യമന്ത്രി വീണാ ജോർജ്ജാണെന്ന് ബിജെപി നേതാവ് എം.ടി.രമേശ് (The BJP has launched an attack on Health Minister Veena George over the terrible state of Kuthiravattom Mental Hospital.). ആരോഗ്യരംഗത്ത് കേരള സർക്കാരിൻ്റെ പിടിപ്പു കേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രമെന്നും ആരോഗ്യ രംഗത്ത് കേരളം ഒന്നാമത് എന്ന വാദം പൊള്ളയാണ് എന്ന് തെളിയിക്കുന്നത് ആണ് ആശുപത്രിയുടെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെ ബിജെപി സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.ടി.രമേശ്.
മാനസികാരോഗ്യകേന്ദ്രത്തിൻ്റെ വികസനത്തിനായി കേന്ദ്രസർക്കാർ നൽകുന്ന പണം സംസ്ഥാനം പാഴാക്കുകയാണ്. കുതിരവട്ടത്തുണ്ടായ വീഴ്ചകളിൽ ഒന്നാം പ്രതി ആരോഗ്യമന്ത്രിയാണ്. എന്നാൽ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികളെയല്ല, ഇവിടുത്തെ ഭരണകൂടത്തെ ആണ് ചികിത്സിക്കേണ്ടത്. സർക്കാരിനാണ് ഇവിടെ ഷോക്ക് ട്രീറ്റ്മെൻ്റ് നടത്തേണ്ടതെന്നും എംടി രമേശ് പറഞ്ഞു.
അതേസമയം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ സുരക്ഷ കൂട്ടണം എന്ന പൊലീസ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. മാനസികാരോഗ്യ കേന്ദ്രത്തിന് ചുറ്റും ഉയരത്തിലുള്ള ചുറ്റുമതിൽ നിർമിക്കണം. പുറത്തേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണം. കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണം. ഈ മൂന്ന് നിർദ്ദേശങ്ങളും അടിയന്തരമായി നടപ്പാക്കണമെന്നാണ് പൊലീസ് റിപ്പോർട്ട്. ഹൈക്കോടതി നിർദേശ പ്രകാരമാണ് മൂന്ന് എ സി പിമാർ കുതിരവട്ടത്ത് പരിശോധന നടത്തി സുരക്ഷ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കിയത്.