
കൊച്ചി: ഇന്നലെ അന്തരിച്ച തൃക്കാക്കര എംഎല്‍എയും കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ പിടി തോമസിന് (P T Thomas) പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. കൊച്ചിയിലെ പാലാരിവട്ടത്തെ വീട്ടിലെത്തിച്ച മൃതദേഹം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തി. സമയക്കുറവ് മൂലം അല്‍പ്പസമയം മാത്രമാണ് അദ്ദേഹത്തിന്‍റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശത്തിന് വച്ചത്. ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു.
ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം വെല്ലൂരില്‍ നിന്നും സംസ്ഥാന അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മുതല്‍ വഴിനീളെ ആയിരങ്ങളാണ് പിടി തോമസിനെ ഒരു നോക്ക് കാണാനെത്തിയത്. ജന്മദേശമായ ഇടുക്കി ജില്ല പി ടി തോമസിന് വികാര നിര്‍ഭരമായ യാത്രയപ്പാണ് നല്‍കിയത്. വഴി നീളെ പ്രവര്‍ത്തകര്‍ പിടിയെ അവസാനമായി കാണാന്‍ തടിച്ച് കൂടിയതിനെ തുടര്‍ന്ന് വിലാപയാത്ര അഞ്ച് മണിക്കൂറോളം വൈകിയാണ് എറണാകുളത്ത് എത്തിയത്.
തൃക്കാക്കര ടൗണ്‍ഹാളില്‍ നടക്കുന്ന പൊതുദര്‍ശനത്തില്‍ വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനെത്തും. നടന്‍ മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചു. എറണാകുളം രവിപുരം ശ്മശാനത്തിൽ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി 5.30 ന് ആകും സംസ്കാരചടങ്ങുകൾ നടക്കുക. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അര്‍ബുദബാധിതനായിരുന്ന പിടി തോമസ് മരണത്തിന് കീഴടങ്ങിയത്.
കോൺഗ്രസ് നേതൃനിരയിൽ വേറിട്ട നേതാവായിരുന്നു പിടി തോമസ്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നു വന്ന പിടി കോൺഗ്രസിലെ ഒറ്റയാനായിരുന്നു. ആദ്യവസാനം കോൺഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പിടി. താഴെത്തട്ടിലെ പ്രവർത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തിയിരുന്നു.
ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേർത്തു പിടിച്ചത്. മഹാരാജാസ് കോളേജിലെ കെഎസ്.യുവിൻ്റെ നേതാവായി ഉയർന്നുവന്ന പിടി ക്യാംപസ് കാലം മുതൽ തന്നെ ഒരു ഫൈറ്ററായിരുന്നു. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ പേരിൽ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ക്രൈസ്തവസഭകളിൽ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റിൽ നിന്നും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടി വന്നു.
തുടർന്ന് 2016-ൽ എറണാകുളത്തെ തൃക്കാക്കര സീറ്റിൽ മത്സരിച്ച പിടി 2021-ലും അവിടെ വിജയം ആവർത്തിച്ചു. 41 വർഷത്തിലേറെയായി കോണ്ഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam