
തിരുവനന്തപുരം: കെ റെയിൽ വിട്ട് സർക്കാർ പ്രഖ്യാപിച്ച ആർആർടി ലൈനിൻ്റെ പ്രാംരഭ പ്രവർത്തനങ്ങൾക്കായി 100 കോടിയാണ് ബജറ്റ് വിഹിതം. കെ റെയിൽ എന്ന പേരിൽ പിടിവാശിയില്ലെന്നും കേന്ദ്രം അനുമതി നൽകിയാൽ സംസ്ഥാനം എല്ലാ സഹകരണവും ഉറപ്പാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തിലാണ് തെക്ക്-വടക്ക് ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാതയ്ക്ക് അംഗീകാരം നൽകിയത്.
കൊച്ചി മെട്രോയെയും ഇനി വരാനുള്ള തിരുവനന്തപുരം-കോഴിക്കോട് മെട്രോകളെയും യോജിപ്പിച്ചാണ് ആർ ആർ ടി എസ്. പൂർണരൂപത്തിലാകാൻ 12 വർഷം എടുക്കുമെന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന പദ്ധതി വികസന അജണ്ടയിൽ പിന്നോട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഇടത് സർക്കാർ നൽകുന്ന സന്ദേശമാണ്. കെ റെയിലിന് ഉടക്ക് റെയിൽവെ മന്ത്രാലയമാണെങ്കിൽ ആർആർടിഎസിനോട് കേന്ദ്ര നഗരകാര്യ വകുപ്പിന് അനുകൂല നിലപാടുള്ളതിൽ സംസ്ഥാനത്തിന് പ്രതീക്ഷയുണ്ട്. പക്ഷെ കെ റെയിലിനുള്ള ഇ ശ്രീധരൻ്റെ ബദലിനോടുള്ള കേന്ദ്രനിലപാട് നിർണായകമാകും.
കേന്ദ്ര സർക്കാറിൽ നല്ല സ്വാധീനമുള്ള മെട്രോമാൻ ബദലിന് ഈയാഴ്ച അംഗീകാരം കിട്ടുമെന്നാണ് കരുതുന്നത്. കേന്ദ്ര പദ്ധതിയായി വരുന്ന ശ്രീധരൻ്റെ ബദലിനെ വെട്ടാൻ കൂടിയാണ് സംസ്ഥാനം ആർആർടിഎസ് മുന്നോട്ട് വെച്ചത്. എന്നാൽ കേന്ദ്രത്തിൻ്റെ പച്ചക്കൊടി ശ്രീധരൻ്റെ ബദലിനാണെങ്കിൽ ആ ലൈനിലേക്ക് മാറാനും സംസ്ഥാന സർക്കാറിന് നീക്കമുണ്ട്. ബജറ്റിലെ നൂറുകോടി ഡിപിആർ തയാറാക്കുന്നതിന് അടക്കമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam