
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി സ്‍കൂട്ടറില്‍ നിന്നുവീണ് വനിതാ കണ്ടക്ടർക്കും മകനും പരിക്ക്. കെഎസ്‍ആര്‍ടിസി കണിയാപുരം ഡിപ്പോയിലെ കണ്ടക്ടറായ പ്രീതാ സന്തോഷിനും (45) മകൻ അഭിമന്യുവിനുമാണ് (18) പരിക്കേറ്റത്. ഇന്ന് വെളുപ്പിന് അഞ്ചരയോടെ പതിനാറാം മൈലിന് സമീപമാണ് അപകടം നടന്നത്. ഡ്യൂട്ടിക്കായി കണിയാപുരത്തേക്ക് വരുന്നവഴി വളവിൽ തെരുവുനായ കുറുകെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട സ്‍കൂട്ടറില്‍ നിന്നും വീണ് പ്രീതയ്ക്കും മകനും കൈയ്ക്കും കാലിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. അതേസമയം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തിൽ പൊതുജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്ന് ഡിജിപി സര്‍ക്കുലര്‍ ഇറക്കി. നായ്‍ക്കളെ കൊല്ലുന്നതിനും വളര്‍ത്തുനായ്ക്കളെ വഴിയിൽ ഉപേക്ഷിക്കുന്നതിനും എതിരെ വിപുലമായ ബോധവത്കരണം നിര്‍ദ്ദേശിച്ചാണ് സര്‍ക്കുലര്‍. പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് പൊലീസ് സംവിധാനങ്ങൾ വഴി സര്‍ക്കാര്‍ നടപടി എടുക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപിയുടെ സര്‍ക്കുലര്‍.
നായ്ക്കളെ കൊല്ലുന്നതും മാരകമായി പരിക്കേൽപ്പിക്കുന്നതും തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. വളര്‍ത്തുനായ്ക്കളെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെയും കേസെടുക്കും. റസിഡൻസ് അസോസിയേഷനുമായി സഹകരിച്ച് വിപുലമായ ബോധവത്കരണം നടത്തണമെന്നാണ് എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് നടപ്പാകുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികൾ ഉറപ്പ് വരുത്തുകയും വേണം.
അതിനിടെ എറണാകുളം എരൂരിൽ നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് അഞ്ച് തെരുവുനായകളെ വിഷം അകത്തുചെന്ന ചത്ത നിലയിൽ കണ്ടെത്തിയത്. നായ്ക്കള്‍ക്ക് വിഷം നൽകി കൊന്നതാണോ എന്ന സംശയത്തിലാണ് പൊലീസ്. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam