വീട്ടിൽ നിന്നും മുറ്റത്തെ കാറിൽ നിന്നും ലഹരിവസ്തുക്കൾ: ദമ്പതികൾക്കും ബന്ധുവിനും 34 വർഷം തടവും പിഴയും വിധിച്ചു

By Web TeamFirst Published Apr 17, 2024, 12:41 PM IST
Highlights

74.669 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എംഡിഎംഎയുമാണ് ഇവരിൽ നിന്നും പിടികൂടിയിരുന്നത്. 2022 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം. 

മലപ്പുറം: കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസിൽ ദമ്പതികൾക്കും ബന്ധുവായ യുവാവിനും 34 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. കൊണ്ടോട്ടി മൊറയൂർ കീരങ്ങാട്ട്‌ തൊടി വീട്ടിൽ അബ്ദുറഹ്‌മാൻ (58), ഭാര്യ സീനത്ത് (49), ബന്ധു ഉബൈദുല്ല (28) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി എൻഡിപിഎസ് സ്‌പെഷൽ കോടതി ജഡ്ജി എംപി ജയരാജാണ് പ്രതികൾക്ക് 34 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ വീതം പിഴയും വിധിച്ചത്.

74.669 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എംഡിഎംഎയുമാണ് ഇവരിൽ നിന്നും പിടികൂടിയിരുന്നത്. 2022 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം. പുലർച്ച 1.50ന് മൊറയൂർ വിഎച്ച്എം ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്ത് വെച്ച് എക്‌സൈസ് ഉദ്യോഗസ്ഥർ സ്കൂട്ടറിൽ നടത്തിയ പരിശോധനയിലാണ് ഉബൈദുല്ല പിടിയിലാവുന്നത്. അഞ്ചര കിലോഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ദമ്പതികളെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അബ്ദുറഹ്‌മാന്റെ വീടിനകത്തുനിന്നും മുറ്റത്ത് നിർത്തിയിട്ട കാറിൽനിന്നുമായി 69.169 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എംഡിഎംഎയും കണ്ടെത്തുകയായിരുന്നു. 

മലപ്പുറം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ അധിക ചുമതലയുണ്ടായിരുന്ന മഞ്ചേരി എക്‌സൈസ് ഇൻസ്‌പെക്ടർ ഇടി ഷിജുവും സംഘവുമാണ് പരിശോധന നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. എക്‌സൈസ് ക്രൈംബ്രാഞ്ച് ഉത്തര മേഖല സർക്കിൾ ഇൻസ്‌പെക്ടർ ആർഎൻ ബൈജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി സുരേഷ് ഹാജരായി.

ഈ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണം; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

https://www.youtube.com/watch?v=Ko18SgceYX8

click me!