എകെജി സെന്‍റർ ആക്രമണം:കുറ്റവാളികളേയും പിന്നിലുള്ളവരേയും കണ്ടെത്തും, പ്രകോപനം സൃഷ്ടിക്കാൻ ശ്രമം- മുഖ്യമന്ത്രി

Published : Jul 01, 2022, 11:12 AM IST
എകെജി സെന്‍റർ ആക്രമണം:കുറ്റവാളികളേയും പിന്നിലുള്ളവരേയും കണ്ടെത്തും, പ്രകോപനം സൃഷ്ടിക്കാൻ ശ്രമം- മുഖ്യമന്ത്രി

Synopsis

അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമാധാനം തകർക്കാനുള്ള ശ്രമം ആണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

തിരുവനന്തപുരം : എ കെ ജി സെന്‍ററിന്(akg centre) നേരെയുണ്ടായ ആക്രമണം നടത്തിയ ആളെ കണ്ടെത്തുകതന്നെ( the culprits will be found)ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(chief minister pinarayi vijayan). കുറ്റവാളിയേയും അതിന് പിന്നിലുള്ളവരേയും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരും. ഇതിനായി പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ വ്യക്തമാക്കി

അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമാധാനം തകർക്കാനുള്ള ശ്രമം ആണ്. ഇത്തരം പ്രകോപനങ്ങളിൽ വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു

 

ആക്രമണം നടന്ന സ്ഥലം മുഖ്യമന്ത്രി രാവിലെ സന്ദർശിച്ചിരുന്നു. അതിനുശേഷം എ കെ ജി സെന്‍ററിൽ യോഗവും ചേർന്നു. ഇന്നലെ രാത്രിയാണ് എ കെ ജി സെന്‍ററിൽ ആക്രമണം ഉണ്ടായത്. എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു. സ്ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി വളരെ വേഗത്തിൽ വാഹനത്തിൽ പോകുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കാണാം.  മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂർണ രൂപം

സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.                                

സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും.   ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാത നാട്ടിലെ  സമാധാനം സംരക്ഷിക്കാൻ  ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.  

മഹാനായ എ കെ ജിയും   അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള ഓഫീസും  പുരോഗമന പ്രസ്ഥാനങ്ങളും  ജനങ്ങളാകെയും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാർട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന എല്ലാവരോടും  അഭ്യർത്ഥിക്കുന്നു.


എകെജി സെന്‍റർ ആക്രമണം: 12മണിക്കൂർ പിന്നിട്ടിട്ടും ഇരുട്ടിൽതപ്പി പൊലീസ്,സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നു, 15സംഘങ്ങളായി തിരിഞ്ഞ് പരിശോധന

എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് അക്രമിയെ കണ്ടെത്താൻ പരിശോധന വ്യാപകമാക്കി പൊലീസ്. അക്രമം നടന്ന് 12 മണിക്കൂറിന് ശേഷവും അക്രമി കണ്ടെത്താനാകാത്തത് പൊലീസിന്‍റെ വൻ വീഴ്ചയെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പരിശോധന വ്യാപകമാക്കിയത്. എ കെ ജി സെന്‍റർ പോലെ കനത്ത സുരക്ഷ ഉളള ഒരിടത്ത് പൊലീസ് കാവലുണ്ടായിരിക്കെ എങ്ങനെ ആക്രമണം ഉണ്ടായെന്നതാണ് പ്രധാന ചോദ്യം. അക്രമം ഉണ്ടായ ഉടൻ പൊലീസ് എന്തുകൊണ്ട് ഇരുചക്രവാഹനത്തെ പിന്തുടർന്നില്ലെന്നതും പ്രധാനമാണ്. 

എ കെ ജി സെന്‍ററിലെ ക്യാമറിയിൽ അക്രമിയുടെ മുഖമോ വാഹനത്തിന്‍റെ നമ്പറോ വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ചുറ്റും ക്യാമറ ഉള്ള എ കെ ജി സെന്‍ററിൽ അതേ കുറിച്ച് അറിയാത്ത ഒരാൾക്ക് അക്രമം നടത്താനാകുമോ എന്നതാണ് പ്രതിപക്ഷ ചോദ്യം.

വിമർശനങ്ങൾ വ്യാപകമായതോടെ എ.കെ.ജി സെന്‍ററിന്‍റെ പരിസരത്ത് വ്യാപക പരിശോധനയാണ് പൊലീസ് നടത്തുന്നത്. അക്രമി സഞ്ചരിച്ച കുന്നുകുഴി റോഡിലെ വീട്, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. അവ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു. 15 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന. 

ആക്രമണം നടത്തിയ ആൾ 11.20ന് എ കെ ജി സെന്‍ററിലേക്കും 11.23 ന് കുന്നുകുഴിയിലേക്കും സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. 
 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ