അമ്മയെ കൊന്നത് സ്വത്ത് തട്ടിയെടുക്കാനെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്,ഇന്ദുലേഖയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

Published : Aug 25, 2022, 10:06 PM ISTUpdated : Aug 25, 2022, 10:11 PM IST
അമ്മയെ കൊന്നത് സ്വത്ത് തട്ടിയെടുക്കാനെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്,ഇന്ദുലേഖയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

Synopsis

സ്വത്തിന്‍റെ അവകാശികളിലൊരാളായ അമ്മയെ കൊലപ്പെടുത്തിയാല്‍ വേഗത്തിൽ  സ്വത്ത് കൈക്കലാക്കാമെന്ന് മകൾ കരുതി. പ്രതിക്കായി അടുത്ത ദിവസങ്ങളിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. 

തൃശ്ശൂര്‍: കുന്നംകുളം കിഴൂരില്‍ അമ്മയെ വിഷം നല്‍കി കൊന്ന മകളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍റ് ചെയ്തത്. സ്വത്ത് തട്ടിയെടുക്കാനായി മകള്‍ അമ്മയെ കൊലപ്പെടുത്തിയെന്നാണ് റിമാന്‍റ് റിപ്പോർട്ട്. സ്വത്തിന്‍റെ അവകാശികളിലൊരാളായ അമ്മയെ കൊലപ്പെടുത്തിയാല്‍ വേഗത്തിൽ സ്വത്ത് കൈക്കലാക്കാമെന്ന് മകൾ കരുതി. പ്രതിക്കായി അടുത്ത ദിവസങ്ങളിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. 

അമ്മ രുക്മിണിയെ വകവരുത്തിയത് പതിനാല് സെന്‍റ് സ്ഥലവും വീടും കൈക്കലാക്കാനെന്നാണ് മകള്‍ ഇന്ദുലേഖയുടെ കുറ്റസമ്മത മൊഴി. ആഡംബര ജീവിതവും ധൂര്‍ത്തും കൊണ്ട് ഇന്ദുലേഖ വരുത്തിവച്ചത് ഏഴ് ലക്ഷം രൂപയുടെ കടമാണ്. ഭര്‍ത്താവറിയാതെ സ്വര്‍ണം പണയപ്പെടുത്തി മൂന്നു വര്‍ഷം കൊണ്ടാണ് ഈ കടമുണ്ടാക്കിയത്. ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവ് എത്തും മുമ്പ് ആധാരം ഈട് വച്ച് പണയമെടുക്കാനായിരുന്നു ഇന്ദുലേഖയുടെ തീരുമാനം. ഇതിനായി അച്ഛന്‍റെയും അമ്മയുടെയും പേരിലുള്ള സ്ഥലം കൈക്കലാക്കാന്‍ അതിലൊരാളെ ഒഴിവാക്കാനായിരുന്നു നീക്കം. രണ്ടു മാസം മുന്പ് പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി അച്ഛന് നല്‍കി. ചായക്ക് രുചി വ്യത്യാസം തോന്നി കുടിക്കാതിരുന്നതിനാല്‍ അച്ഛന്‍ ചന്ദ്രന്‍ രക്ഷപെട്ടു. 

പിന്നീട് ഡോളോ ഗുളിക ഇരുപതെണ്ണം വാങ്ങി മാതാപിതാക്കള്‍ക്ക് നല്‍കാന്‍ നീക്കം നടത്തി. അതും പരാജയപ്പെട്ടതോടെയാണ് കുന്നംകുളത്തെ കടയില്‍ നിന്ന് എലിവിഷം വാങ്ങി കഴിഞ്ഞ 18 ന് അമ്മയ്ക്ക് ചായയില്‍ കലര്‍ത്തി നല്‍കിയത്. അന്ന് ഇന്ദുലേഖയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് വന്ന ദിവസമായിരുന്നു. സ്വര്‍ണം എവിടെയെന്ന് ഭര്‍ത്താവ് ചോദിക്കുകയും ചെയ്തിരുന്നു. വിഷം കഴിച്ച അമ്മയ്ക്ക് കടുത്ത ഛര്‍ദ്ദി അനുഭവപ്പെട്ടതോടെ ഇന്ദുലേഖ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്ഥിതി വഷളായതോടെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടുത്തെ ഡോക്ടര്‍മാരാണ് പൊലീസില്‍ വിവരമറിയിച്ചത്. 23 ന് രുഗ്മിണി മരിച്ചതോടെ പോസ്റ്റുമോര്‍ട്ടത്തിലും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്ന് വ്യക്തമായി. 

തുടര്‍ന്നാണ് പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇന്ദുലേഖ മകന്‍റെ കൈയ്യില്‍ വിഷത്തിന്‍റെ ബാക്കി കളയാന്‍ ഏല്‍പ്പിച്ച കാര്യം പുറത്തുവന്നു. ഇന്ദുലേഖയുടെ ഫോണിലെ ഗൂഗിള്‍ സെര്‍ച്ചില്‍  എലിവിഷം എങ്ങനെ ഉപയോഗിക്കാം എന്നത് തിരഞ്ഞ് പോയത് കണ്ടെത്തിയതും നിര്‍ണായക തെളിവായി. പിടിച്ചു നില്‍ക്കാനാവാതെ ഇന്ദുലേഖ എല്ലാം ഏറ്റുപറഞ്ഞു. പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ എലിവിഷത്തിന്‍റെ ബാക്കിയും നല്‍കാനുപയോഗിച്ച പാത്രവും ഗുളികകളും കണ്ടെത്തി. ഇന്ദുലേഖയ്ക്ക് ഏഴുലക്ഷം രൂപ എങ്ങനെ കടം വന്നു എന്നതറിയാന്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്
പാത്രം കഴുകൽ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു; 'ശ്വാന വീരന്മാർ കുരച്ചു കൊള്ളുക, സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും'