മകനെ രക്ഷിക്കാനിറങ്ങി, ഒഴുക്കില്‍പ്പെട്ട് കാണാതായി, വിളപ്പില്‍ശാല സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

By Web TeamFirst Published Sep 12, 2022, 7:00 AM IST
Highlights

നദിയിൽ വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്ധ്യ അപകടത്തിൽപ്പെട്ടത്. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

തിരുവനന്തപുരം: കൊല്ലൂരിലെ സൗപർണിക നദിയിയിൽ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി സന്ധ്യയുടെ മൃതദേഹം കണ്ടെത്തി. നദിയിൽ വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്ധ്യ അപകടത്തിൽപ്പെട്ടത്. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

42കാരിയായ സന്ധ്യ ശനിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സൗപർണിക നദിയിൽ ഒഴുക്കിൽപ്പെട്ടത്. കുളിക്കാനിറങ്ങിയ മകൻ ആദിത്യനാണ് ആദ്യം അപകടത്തിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാനായി സന്ധ്യയും ഭർത്താവ് മുരുകനും നദിയിലേക്കിറങ്ങി. ആദിത്യനും മുരുകനും പാറയിൽ പിടിക്കാൻ സാധിച്ചതിനാൽ രക്ഷപെട്ടു. എന്നാൽ സന്ധ്യയെ ഒഴുക്കിൽപ്പെട്ട് കാണാതായി. കനത്ത മഴയും നദിയിലെ ശക്തമായ ഒഴുക്കും കാരണം തെരച്ചിൽ ആദ്യദിവസം ഫലം കണ്ടില്ല. 

ഉഡുപ്പിയിൽ നിന്ന് മുങ്ങൽ വിദഗദർ എത്തിയിട്ടും സന്ധ്യയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി സന്ധ്യ ഒഴുക്കിൽപ്പെട്ട സ്ഥലത്തിനിന്ന് ഒരു കിലോമീറ്റർ അകലെ മൃതദേഹം വന്നടിയുകയായിരുന്നു. തീർത്ഥാടനത്തിനായി തിരുവോണ ദിവസമാണ് സന്ധ്യയുടെ കുടുംബം അടക്കം 14 അംഗ സംഘം വിളപ്പിൽശാലയിൽ നിന്ന് പുറപ്പെട്ടത്.

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്, കൊണ്ടത് 12 കാരിക്ക്, തലയ്ക്ക് പരിക്കേറ്റ കീർത്തന ആശുപത്രിയിൽ ചികിത്സ തേടി

കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പന്ത്രണ്ട് വയസുകാരിക്ക് പരുക്കേറ്റു. വെകുന്നേരം 5 മണിക്ക് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീർത്തന എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്. എടക്കാട് സ്റ്റേഷനും കണ്ണൂരിനും ഇടയിൽ വച്ചായിരുന്നു സംഭവം. S10 കോച്ചിൽ 49 ാം   നമ്പർ സീറ്റിലായിരുന്നു പെൺകുട്ടി. ട്രെയിനിൽ വച്ചു തന്നെ യാത്രക്കാരനായ ഒരു ഡോക്ടർ ഫസ്റ്റ് എയ്ഡ് നൽകി. പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

click me!