സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്: വോട്ടെടുപ്പ് രാവിലെ 10 ന്, ഉച്ചയോടെ ഫലമറിയാം

By Web TeamFirst Published Sep 12, 2022, 6:35 AM IST
Highlights

എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവർ സാദത്തും മത്സരിക്കും.

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിനായി പ്രത്യേക നിയമസഭ സമ്മേളനം ഇന്ന്. എം ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവർ സാദത്തും മത്സരിക്കും. രാവിലെ 10 മണിക്ക് ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഉച്ചയോടെ ഫലമറിയാം. ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുപ്പ്‌ നിയന്ത്രിക്കും.

നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമായ ഷംസീര്‍ തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എം എൽ എ യായി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാൻ, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് പടിപടിയായി വളര്‍ന്നു. എൽ എൽ എം ബിരുദധാരിയാണ്. തലശ്ശേരി പാറാൽ ആമിനാസിൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ എൻ സെറീനയുമാണ് മാതാപിതാക്കള്‍. ഡോ. പി.എം. സഹലയാണ് ഭാര്യ.  മകൻ: ഇസാൻ. 

എം  ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തിയതോടെയാണ് സ്പീക്കറാകാന്‍ എ എന്‍ ഷംസീറിന് അവസമൊരുങ്ങിയത്. രണ്ടാം പിണറായി സർക്കാരിലെ സ്പീക്കർ പദവിയിൽ നിന്നാണ് എം ബി രാജേഷ് മന്ത്രിസഭയിലേക്കെത്തുന്നത്. കഴിഞ്ഞ ലോക‍്‍സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക‍്‍സഭാ മണ്ഡലത്തിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ട രാജേഷിനെ പാർട്ടി ഏൽപ്പിച്ച വെല്ലുവിളിയായിരുന്നു തൃത്താലയിലെ സ്ഥാനാർത്ഥിത്വം. കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കുക എന്ന ശ്രമകരമായ ദൗത്യം. ആ ദൗത്യം ഭംഗിയായി തന്നെ അദ്ദേഹം നിർവഹിച്ചു. വി ടി ബൽറാമിനെ മുട്ടുകുത്തിച്ച ആ പ്രകടന മികവിനുള്ള അംഗീകരമായിരുന്നു സ്പീക്കർ പദവി. 

ആ പദവിയിൽ നിറഞ്ഞുനിന്ന രാജേഷ്, പല ഘട്ടങ്ങളിലും പ്രതിപക്ഷത്തിന് വരെ സ്വീകാര്യനായി. കെ കെ രമയ്ക്കെതിരായ എം എം മണിയുടെ പരാമർശത്തിലെ ഇടപെടൽ, വീണ ജോ‍ർജിനെ താക്കീത് ചെയ്ത നടപടി, ഇവ ചിലത് മാത്രം. നേരത്തെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിരുന്ന എം ബി രാജേഷ്, സ്പീക്കർ പദവിയിൽ എത്തിയപ്പോൾ, പലപ്പോഴും രാഷ്ട്രീയ വിവാദങ്ങളിൽ കരുതലോടെയായിരുന്നു  പ്രതികരിച്ചിരുന്നത്. ഗവർണർ വിവാദത്തിൽ ഉൾപ്പെടെ ആ മികവ് തന്നെയാണ് ഇപ്പോൾ മന്ത്രിപദവിയിലേക്ക് എത്തിച്ചത്.

click me!