
കൊച്ചി : എറണാകുളം കുന്നത്തുനാട്ടിൽ ട്വന്‍റി ട്വന്‍റിയും സിപിഎമ്മും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. മണ്ഡലത്തിൽ എം എൽ എ പങ്കെടുക്കുന്ന പരിപാടികൾ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകൾ ബഹിഷ്കരിക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി രണ്ടിടത്ത് തർക്കമുണ്ടായി.
ഒരിടവേളയ്ക്ക് ശേഷം കുന്നത്തുനാട്ടിൽ സി പി എം എം എൽ എ പി.വി.ശ്രീനിജനും ട്വന്‍റി 20യും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവരികയാണ്. കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകളിൽ കൃഷി വകുപ്പ് സംഘടിപ്പിച്ച രണ്ട് പരിപാടികളിൽ ട്വന്‍റി 20 ഭരിക്കുന്ന പഞ്ചായത്ത് അംഗങ്ങൾ എം എൽ എയെ ബഹിഷ്കരിച്ചെന്നാണ് ആരോപണം. ഐക്കരനാട്ടിലെ പരിപാടിയിൽ ഉദ്ഘാടന വേദിയിലേയ്ക്ക് എം എൽ എ കയറി വന്നപ്പോൾ വേദിയിൽ നിന്ന് അധ്യക്ഷയായ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്‍റും അടക്കമുള്ളവർ ഇറങ്ങിപ്പോയി.
കുന്നത്തുനാട് പഞ്ചായത്തിന്‍റെ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്‍റും മെന്പർമാരും എം എൽ എ ശ്രീനിജൻ ഇരിക്കുന്ന വേദിയിലേക്ക് കയറാൻ തയ്യാറായില്ല. തുടർന്ന് വീണ്ടും ക്ഷണിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്‍റ് വേദിയിൽ കയറി പ്രതിഷേധിച്ചു. ഇതേത്തുടർന്ന് പുറത്ത് നേരിയ സംഘർഷമുണ്ടായി.
ട്വന്‍റി ട്വന്‍റിയോടുള്ള എം എൽ എയുടെ നിസ്സഹരണത്തിലുള്ള പ്രതിഷേധമാണ് വേദിയിൽ പ്രകടിപ്പിച്ചതെന്ന് ട്വന്‍റി 20 അറിയിച്ചു. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ പരിപാടികളിൽ തന്നെ വിലക്കിയിരിക്കുകയാണെന്നാണ് എം എൽ എ പി വി ശ്രീനിജന്‍റെ ആരോപണം. ഇരുവരും തമ്മിലുള്ള തർക്കും തുടർന്നാൽ സർക്കാർ പദ്ധതികൾ ഏകോപനമില്ലാതെ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam