
കേരളത്തിലെ മുന്നണികൾ പിന്തുടർന്നു വന്ന സാമുദായിക സമവാക്യ ഒത്തുതീർപ്പ് ഫോർമലുകളെ ഇത്തവണ വോട്ടർമാർ കൃത്യമായി പൊളിച്ചു- കോഴിക്കോട് നിന്നും പി. ഷാജഹാൻ്റെ വിശകലനം
തിരുവനന്തപുരം: തരം പോലെ നിലപാടെടുക്കുന്ന പ്രമുഖ സമുദായകക്ഷികൾ തോറ്റ തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടന്നത്. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും ഉമ്മർ ഫൈസിയും അടക്കം സാമുദായിക സംഘടനകളെ മുൻനിർത്തി വിലപേശിയവർക്കെല്ലാം തിരിച്ചടി ഏറ്റു. സാമുദായിക മുൻതൂക്കം നോക്കിയ സ്ഥാനാർത്ഥികളെ നിർത്താവൂ എന്ന മിഥ്യ ധാരണയും ഇത്തവണ ജനം പൊളിച്ചു.
കേരളത്തിലെ മുന്നണികൾ പിന്തുടർന്നു വന്ന സാമുദായിക സമവാക്യ ഒത്തുതീർപ്പ് ഫോർമലുകളെ ഇത്തവണ വോട്ടർമാർ കൃത്യമായി പൊളിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് 6000 ക്രിസ്ത്യൻ വോട്ട് മാത്രമുള്ള തവനൂരിൽ വിഎസ് ജോയ് എന്ന ചെറുപ്പക്കാരന്റെ വിജയം. ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമായ കൊച്ചിയിൽ മുഹമ്മദ് ഷിയാസ് പാട്ടും പാടി ജയിച്ചു. അവിടെ സമുദായ വോട്ട് പിടിക്കാൻ സിപിഎം നിർത്തിയ സ്ഥാനാർത്ഥി തോറ്റുപോയി. കോഴിക്കോട് തിരുവമ്പാടിയിൽ സാമുദായിക സമവാക്യം കൊണ്ടുമാത്രം ജയിച്ചു കയറും എന്നാണ് ഇടതുമുന്നണി കരുതിയത്. പക്ഷേ വോട്ടർമാർ ആ കണക്കുകൂട്ടലിനെ നാടുകടത്തി സി കെ കാസിമിനെ ജയിപ്പിച്ചു.
വാമനപുരം മണ്ഡലം സുധീർഷ പാലോട് എന്ന ചെറുപ്പക്കാരൻ തിരിച്ചുപിടിച്ചു. ഇവിടെയും സമുദായം തിരിഞ്ഞ് വോട്ട് ചെയ്യുമെന്ന കണക്കുകൂട്ടൽ തെറ്റി. ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ പേരാമ്പ്രയിൽ ഇടതുപക്ഷം തന്നെ ഉയർത്തി വിട്ട സാമുദായിക ചേരിതിരിവിന് ഇടയിലും ജയിച്ചു കയറിയത് ഫാത്തിമ തഹലിയ. മുസ്ലിം സ്വാധീന മേഖലയായ നാദാപുരത്തുനിന്ന് ജയിച്ചു കയറിയത് കെഎം അഭിജിത്ത്. സാമുദായിക വോട്ടുകൾ ബലാബലം നിൽക്കുന്ന മഞ്ചേശ്വരത്ത് വിജയം ലക്ഷ്യമിട്ട ബിജെപിക്ക് നേടാനായത് 36 ശതമാനം മാത്രം. ഇങ്ങനെ കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി മണ്ഡലങ്ങളിൽ വോട്ടർമാർ നല്ല ഉറച്ച മതേതര നിലപാടോടെ വോട്ട് രേഖപ്പെടുത്തി. ഇതാണ് റിയൽ കേരള സ്റ്റോറി എന്ന് 2026ലെ തെരഞ്ഞെടുപ്പ് വിളിച്ചുപറയുമ്പോൾ കേരളത്തിലെ സാമുദായിക നേതാക്കൾ ഒരു ഭാഗത്ത് ഇത് കണ്ടില്ലെന്ന് നടിച്ച് വിലപേശൽ തുടരുകയാണ്.
തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട സാമുദായിക നേതാക്കൾ സ്വീകരിച്ച നിലപാട് അവരുടെ നിയന്ത്രണത്തിൽ അല്ല സമുദായ വോട്ട് എന്ന് തെളിയിക്കുന്നതാണ്. വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും നിയന്ത്രണത്തിൽ ഉണ്ട് എന്ന് പറയപ്പെടുന്ന സാമുദായിക വോട്ടുകൾ ഇടതുപക്ഷത്ത് ഉറച്ചു നിന്നിരുന്നെങ്കിൽ ഫലം ഇതാകുമായിരുന്നില്ല. ഇകെ സുന്നി വിഭാഗങ്ങളിൽ ഒരു വിഭാഗവുമായും എസ്ഡിപിഐയുമായും കാന്തപുരം എപി സുന്നി വിഭാഗവുമായും കൈകോർത്ത ഇടതുപക്ഷം സമുദായം നോക്കി നിർത്തിയ സ്ഥാനാർത്ഥികൾക്ക് വോട്ട് നേടായില്ല. കേരളത്തിലെ വോട്ടർമാർ സ്വന്തം സമുദായം എന്ന കിണറ്റിലെ തവളകൾ അല്ലെന്ന പാഠമാണ് ഈ തെരഞ്ഞെടുപ്പ് സാമുദായിക നേതാക്കൾക്ക് നൽകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam