കലയുടെ രുചിയും മണവും; ടീച്ചേഴ്സ് തിയേറ്റർ@കാലിക്കറ്റിന്റെ പന്തിപ്പാട്ട്

By Web TeamFirst Published Jan 2, 2023, 11:09 PM IST
Highlights

വന്നോളീ വേ​ഗങ്ങോട്ട് 
കോയിക്കോട്ട്
പള്ള നിറക്കാൻ പന്തലുയർന്നേ 
കോയിക്കോട്ട് 

പന്തിപ്പാട്ടുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട് വേദിയാകുമ്പോൾ പന്തിപ്പാട്ട് ഒരുക്കി ടീച്ചേഴ്സ് തിയേറ്റർ@കാലിക്കറ്റ്. 

കോഴിക്കോടെന്ന് കേൾക്കുമ്പോൾ ഭക്ഷണം എന്ന് ഓർമ്മ വരാത്തവർ ചുരുക്കമാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട് വേദിയാകുമ്പോൾ പന്തിപ്പാട്ട് ഒരുക്കിയാണ് ടീച്ചേഴ്സ് തിയേറ്റർ@ കാലിക്കറ്റ് കലയുടെ ഈ ഉത്സവത്തെ വരവേൽക്കുന്നത്. ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ നാടക പ്രവർത്തകരായ അധ്യാപകരുടെ കൂട്ടായ്മയാണ് ടീച്ചേഴ്സ് തിയേറ്റർ.

വന്നോളീ വേ​ഗങ്ങോട്ട് 
കോയിക്കോട്ട്
പള്ള നിറക്കാൻ പന്തലുയർന്നേ 
കോയിക്കോട്ട്

എന്ന് തുടങ്ങുന്നു ഈ പന്തിപ്പാട്ട്. ​ഗാനത്തിന്റെ പെൻഡ്രൈവ് പ്രകാശനം ഭക്ഷണപ്പുര പ്രവർത്തനോദ്ഘാടനച്ചടങ്ങിൽ ഭക്ഷണപന്തൽ ഒരുങ്ങിയ ക്രിസ്ത്യൻ കോളേജിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രകാശനം ചെയ്തത്. 

ആരോഗ്യ മന്ത്രി വീണാ ജോർജ് പെൻഡ്രൈവ് സ്വീകരിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.  ടീച്ചേഴ്സ് തിയേറ്റർ @ കാലിക്കറ്റ് കോഡിനേറ്റർ ആയ മിത്തു തിമോത്തി ആശയവും സംഘാടനവും നടത്തിയ പന്തിപ്പാട്ട് രചിച്ചത് ശിവദാസ് പൊയിൽക്കാവും സംഗീതം നൽകിയത് സന്തോഷ്  നിസ്വാർത്ഥയുമാണ്. 

സജിത്ത് ക്യാമറയും മൻസൂർ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ കളർ ബോക്സ് തിയറ്റർ അംഗങ്ങളും നടക്കാവ് ഗവൺമെൻറ് ഗേൾസ് ബട്ടർഫ്ലൈ തീയേറ്റർ ഗ്രൂപ്പ് അംഗങ്ങളുമാണ് അഭിനയിച്ചിരിക്കുന്നത്. കൃഷ്ണ ബിജു, നിരഞ്ജന ശശി, അമൃതവർഷിണി, ഇൻസാഫ് അബ്ദുൽ ഹമീദ് എന്നിവരാണ് പാടിയിരിക്കുന്നത്.

മത്സരം നടക്കുന്നത് 24 വേദികളിൽ, ഉദ്ഘാടനം ക്യാപ്റ്റൻ വിക്രം മൈതാനിയിൽ

24 വേദികളിലായിട്ടാണ് മൂന്ന് മുതൽ ഏഴ് വരെ മത്സരം നടക്കുന്നത്. വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനിയാണ് വേദി ഒന്ന് അതിരാണിപ്പാടം. പത്ത് മണിക്ക് ഉദ്ഘാടന സമ്മേളത്തിന് പിന്നാലെ മോഹിനിയാട്ടവും സംഘനൃത്തവും. സംസ്കൃതം നാടകം, ഭരതനാട്യം, മാർ​ഗംകളി, കുച്ചുപ്പുഡി, വട്ടപ്പാട്ട്, കോൽക്കളി, ദഫ്മുട്ട്, മോണോ ആക്ട്, പഞ്ചവാദ്യം, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, അറബി​ഗാനം, മോണോ ആക്ട്, വിവിധ രചനാമത്സരങ്ങൾ തുടങ്ങിയവയെല്ലാം നാളെ വിവിധ വേദികളിലായി നടക്കും. 

click me!