
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. ആയതിനാൽ അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാൻ ആണ് തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണ്. ഫെഡറൽ സംവിധാനത്തിനകത്ത് പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്കൂൾ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്കൂൾ പ്രായത്തിൽ ഉള്ള മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നു. പഠനത്തുടർച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ എത്തുന്നു. കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. എന്നാൽ ദേശീയ അടിസ്ഥാനത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേന്ദ്രസർക്കാർ കണക്കനുസരിച്ച് സ്കൂൾ പ്രായത്തിലുള്ള എട്ടു കോടിയിലധികം കുട്ടികൾ സ്കൂളിന് പുറത്താണ്. കൊഴിഞ്ഞുപോക്ക് വളരെ കൂടുതലാണ്. ശരാശരി സ്കൂളിങ് 6.7 വർഷമാണ്. കേരളത്തിലാണെങ്കിൽ ഇത് 11 വർഷത്തിൽ കൂടുതലാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam