
തിരുവനന്തപുരം: ജാതി വിവേചന വിവാദങ്ങള്‍ക്ക് പിന്നാലെ രാജിക്കത്ത് നല്‍കിയ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ രാജി സ്വീകരിച്ചു. പുതിയ ഡയറക്ടര്‍ക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്. ജാതിവിവേചനത്തിന് എതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടു.
ജാതി വിവേചനമടക്കം ഗുരുതര ആരോപണങ്ങൾ നേരിട്ടിട്ടും അധികാരം ഒഴിയാതെ കടിച്ച് തൂങ്ങിയ ഡയറക്ടർ ഇനി രക്ഷയില്ലെന്ന് വ്യക്തമായതോടെയാണ് ഒടുവിൽ രാജിവച്ചത്. 48 ദിവസമായി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർഥികളുടെ പരാതി ശരിവച്ചുള്ള റിപ്പോർട്ടാണ് സർക്കാർ നിയോഗിച്ച രണ്ടാമത്തെ സമിതിയും നൽകിയതെന്ന് മനസിലാക്കിയാണ് സ്വയം ഒഴിയാൻ ശങ്കർ മോഹൻ നിർബന്ധിതനായത്.
എന്നാല്‍ രാജി പ്രഖ്യാപിച്ച ശേഷവും സ്വയം ന്യായീകരിക്കുകയാണ് ശങ്കർ മോഹൻ. രാജിവെച്ചെങ്കിലും രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹന്‍ പറയുന്നത്. സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ല. കാലാവധി തീർന്നതാണ് രാജിക്ക് കാരണമെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.
ശങ്കർ മോഹന് പിന്നാലെ സ്ഥാപനത്തിന്‍റെ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും രാജിവെക്കുെമെന്നാണ് സൂചന. എന്നാൽ അടൂരിനെ അനുനയിപ്പിക്കാനാണ് സർക്കാർ ശ്രമം. ദളിത് ജീവനക്കാരെ കൊണ്ട് സ്വന്തം വീട്ടിലെ കക്കൂസ് കഴുകിച്ചെന്നും സംവരണം അട്ടിമറിച്ച് വിദ്യാർഥി പ്രവേശനം നടത്തിയെന്നുമടക്കം പരാതി വന്നിട്ടും ശങ്കർ മോഹനെ സംരക്ഷിച്ചത് അടുരാണെന്ന ആരോപണം ഉയർന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam