നഴ്സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ടിന് പണം; യുഎൻഎക്കെതിരെ പുതിയ ആരോപണം

By Web TeamFirst Published Mar 17, 2019, 7:04 AM IST
Highlights

നഴ്സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പണം കൊടുത്ത് വോട്ടുകൾ അട്ടിമറിച്ചതായി ഗവൺമെന്‍റ് നഴ്സസ് അസോസിയേഷൻ ആരോപിച്ചു

തിരുവനന്തപുരം: കോടികളുടെ സാമ്പത്തിക ക്രമക്കേടെന്ന പരാതിക്ക് പിന്നാലെ യുഎൻഎക്കെതിരെ പുതിയ ആരോപണം. നഴ്സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പണം കൊടുത്ത് വോട്ടുകൾ അട്ടിമറിച്ചതായി ഗവൺമെന്‍റ് നഴ്സസ് അസോസിയേഷൻ ആരോപിച്ചു. ആരോപണം ശരിവച്ച യുഎൻഎ നേതൃത്വം അട്ടിമറിയുടെ ഉത്തരവാദിത്തം വൈസ് പ്രസിഡന്‍റിനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.

നഴ്സിംഗ് കൗൺസിലിൽ ഇടത് ആഭിമുഖ്യമുള്ള കെജിഎൻഎയെ വിറപ്പിച്ച് ആറ് സീറ്റുകളിലാണ് ഇത്തവണ യുഎൻഎ ജയിച്ചത്. വോട്ടെടുപ്പ് സമയത്ത് തന്നെ കെജിഎൻഎ, യുഎൻഎയുടെ ജയത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. യുഎൻഎ ദേശീയ പ്രസിഡന്‍റിനെതിരെ വൈസ് പ്രസിഡന്‍റ് കോടികളുടെ ക്രമക്കേട് ഉന്നയിച്ച് പരാതി കൊടുത്തതിന് പിന്നാലെ കെജിഎൻഎ വോട്ടെടുപ്പിനെക്കുറിച്ചുള്ള ആരോപണം ശക്തമാക്കി. 

നഴ്സുമാരിൽ നിന്നും പോസ്റ്റൽ ബാലറ്റ്, പണം കൊടുത്ത് വാങ്ങി യുഎൻഎ നേതാക്കൾ തന്നെ വോട്ട് ചെയ്തുവെന്നാണ് ആക്ഷേപം. തെളിവായി ചില വാട്സ് ആപ് മെസേജുകളും കെജിഎൻഎ പുറത്തുവിട്ടു. ബാലറ്റ് പേപ്പറുകൾ വാങ്ങി വോട്ട് മറിച്ചത് വൈസ് പ്രസിഡന്‍റായിരുന്ന സിബി മുകേഷ് മാത്രമാണെന്ന വാദമാണ് യുഎൻഎ ദേശീയ പ്രസിഡന്‍റ് ജാസ്മിൻഷായുടെ വിശദീകരണം. ഇതടക്കമുള്ള കാരണങ്ങൾ കൊണ്ടാണ് സിബിയെ സംഘടനയിൽ നിന്നും പുറത്താക്കിയതെന്നും ജാസ്മിൻ ഷാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എന്നാൽ, സിബി മുകേഷ്, കെജിഎൻഎയുടേയും ജാസ്മിൻ ഷായുടേയും ആരോപണം തള്ളി. തട്ടിപ്പ് നടന്നെങ്കിൽ ഏറ്റവും അധികം വോട്ട് തനിക്കായിരുന്നു കിട്ടേണ്ടെതെന്നും സിബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ വോട്ടെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെജിഎൻഎ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

click me!