
ദില്ലി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ ഫാ റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച ഇരയായ പെൺകുട്ടിയുടെ അപേക്ഷയെ സംസ്ഥാന സർക്കാർ എതിർക്കില്ല. വിവാഹം വ്യക്തിപരമായ കാര്യമെന്ന നിലപാടിലാണ് സർക്കാർ. ഇക്കാര്യത്തിൽ കോടതി തന്നെ തീരുമാനം എടുക്കണമെന്ന് സർക്കാർ അറിയിക്കും. എന്നാൽ റോബിൻ വടക്കുഞ്ചേരിയുടെ ശിക്ഷയിൽ ഇളവ് നൽകിയാൽഅത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടും സർക്കാർ കോടതിയിൽ വ്യക്തമാക്കും.
വിവാഹം കഴിക്കാൻ ജാമ്യം എന്ന ആവശ്യവുമായി കൊട്ടിയൂര്‍ പീഡന കേസില്‍ പീഡനത്തിന് വിധേയായ പെണ്‍കുട്ടിയും, കുറ്റവാളിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയും നൽകിയ ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണം, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും അപേക്ഷയിൽ പറയുന്നു. ജസ്റ്റിസ് വിനീത് സരണ്‍ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
രണ്ടുപേരുടേയും സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധമാണുണ്ടായിരുന്നതെന്ന് പെണ്‍കുട്ടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വാദം ഹൈക്കോടതി തള്ളിയതോടെയാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചത്.
കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊട്ടിയൂർ നീണ്ടുനോക്കിയിലെ പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരിയാണ് ഒന്നാം പ്രതി.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിൻ വടക്കുംചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വൈദികൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ പെൺകുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പെൺകുട്ടി പ്രസവിച്ചത് ഫാദർ റോബിൻ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam