
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ഭിന്ന വിധിക്കെതിരായ റിവ്യൂ ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഭിന്ന വിധി പുറപ്പെടുവിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറുൺ അൽ റഷീദും അടങ്ങുന്ന ബെഞ്ച് പന്ത്രണ്ട് മണിക്കാണ് കേസ് പരിഗണിക്കുന്നത്. മാർച്ച് മുപ്പത്തൊന്നിലെ ഭിന്നവിധിക്ക് നിയമസാധുത ഇല്ലെന്നും വിധി പുനപരിശോധിക്കണമെന്നുമാണ് പരാതിക്കാൻ ആർ.എസ്.ശശികുമാറിന്റെ ആവശ്യം. റിവ്യൂ ഹർജിക്ക് പിന്നാലെ രണ്ടരയ്ക്ക് ലോകായുക്ത ഫുൾ ബഞ്ചും കേസ് പരിഗണിക്കും.
അതേസമയം, ശശികുമാറിനെതിരെ ഇന്നലെ രൂക്ഷമായ വിമർശനമായിരുന്നു ലോകായുക്ത നടത്തിയത്. റിവ്യു ഹർജി പരിഗണിക്കുന്നതിനിടെ രൂക്ഷ വിമർശനവുമായി ലോകായുക്ത ന്യായാധിപന്മാർ രംഗത്തെത്തുകയായിരുന്നു. 'ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. എന്തോ കണക്കുകൂട്ടിയാണ്' ശശികുമാർ പറയുന്നതെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ കക്ഷിയോട് മിതത്വം പാലിക്കാൻ പറയണമെന്ന് പരാതിക്കാരന്റെ അഭിഭാഷകനോടും ലോകായുക്ത ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെ ചൊല്ലിയും വലിയ വിവാദം ഉടലെടുത്തിരുന്നു. ചൊവ്വാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഒരുക്കിയ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും പങ്കെടുത്തിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടേയും ഗവർണറുടേയും സൽക്കാരങ്ങളിൽ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നും അനാവശ്യ വിവാദമാണെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരണം. പക്ഷെ മുഖ്യമന്ത്രിയുടെ വിരുന്നിലെ ലോകായുക്ത സാന്നിധ്യം പരമാവധി മറച്ചുവെക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. പരിപാടിയെ കുറിച്ചുള്ള പിആർഡി വാർത്താകുറിപ്പിൽ പങ്കെടുത്തുവരുടെ പട്ടികയിൽ ലോകായുക്തയുടെ പേര് ഇല്ല. ചാനലുകൾക്ക് പിആർഡി നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam