
കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത്, കറൻസി കടത്ത് കേസുകളിൽ മുഖ്യമന്ത്രിയടക്കം ഉന്നതർക്കുള്ള പങ്ക് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈകോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കേസുകളിൽ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജൻസികളായ കസ്റ്റംസും ഇ.ഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് കോട്ടയം പാല സ്വദേശി അജി കൃഷ്‌ണൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പറയുന്നത്.
അതേസമയം, ഹർജി നിയമപരമായി നില നിൽക്കില്ലെന്നായിരുന്നു സർക്കാറിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന്‍റെ വാദം. സ്വർണക്കടത്ത് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്. ആർ.ഡി.എസിൽ എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വ്യക്തിയാണ് താനെന്ന കാര്യം മറച്ചുവച്ചാണ് ഹർജിക്കാരൻ ഹൈകോടതിയെ സമീപിച്ചിട്ടുള്ളതെന്നും എ. ജി വാദിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam