
പാലക്കാട്: നെല്ലിന്‍റെ താങ്ങുവില സംബന്ധിച്ച് സംസ്ഥാന സർക്കാറിന്‍റെ പ്രഖ്യാപനം പാഴ് വാക്കായി. ഇത്തവണ 28 രൂപ 72 പൈസയ്ക്ക് നെല്ല് സംഭരിയ്ക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ സംഭരണ വില സംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ 28 രൂപ മാത്രമാണ് താങ്ങുവില. ഉറപ്പ് പാലിക്കാതെ സർക്കാർ കബളിപ്പിച്ചതായി കർഷകർ ആരോപിച്ചു.
പാലക്കാട് കളക്ടറേറ്റിൽ നെല്ലു സംഭരണത്തിന് മുന്നോടിയായി വിളിച്ച യോഗത്തിന് ശേഷം മന്ത്രി നടത്തിയ പ്രഖ്യാപനത്തിലാണ് ഇത്തവണ 28 രൂപ 72 പൈസയ്ക്ക് നെല്ല് സംഭരിയ്ക്കുമെന്ന് ഉറപ്പ് നൽകിയത്. പാലക്കാട് ജില്ലയില്‍ ഇരുപത് ശതമാനത്തിലേറെ നെല്ലു സംഭരിച്ചശേഷം വന്ന ഈ സര്‍ക്കാര്‍ ഉത്തരവിൽ പക്ഷേ ഈ ഉറപ്പ് ലംഘിക്കപ്പെട്ടു. നെല്ലടുക്കുന്നത് 28 രൂപയ്ക്ക്. എഴുപത്തിരണ്ട് പൈസ കുറച്ചു
കഴിഞ്ഞ വർഷം 27. 48 രൂപയ്ക്കായിരുന്നു നെല്ല് സംഭരിച്ചത്. ഇതിൽ 18.68 രൂപ കേന്ദ്ര വിഹിതവും 8. 80 രൂപ സംസ്ഥാന വിഹിതവുമാണ്. ഇതിനിടെ കഴിഞ്ഞ ബജറ്റിൽ 52 പൈസ വർധിച്ച് സംസ്ഥാന സർക്കാർ സംഭരണ വില 28 ആക്കി. എന്നാൽ കേന്ദ്ര സർക്കാർ താങ്ങുവില 72 പൈസ കൂടി വർധിപ്പിച്ചതോടെ 28.72 രൂപയ്ക്ക് നെല്ല് സംഭരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനമാണ് പാഴ് വാക്കായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam