കേരള ഹൗസിലെ ഡിവൈഎഫ്ഐ യോഗം: പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ചട്ടം മറികടന്നെന്ന് ആരോപണം

By Web TeamFirst Published Oct 28, 2021, 11:27 PM IST
Highlights

ഇന്ന് ചേർന്ന കേന്ദ്രകമ്മിറ്റി യോഗം പിഎ മുഹമ്മദ് റിയാസിന് പകരം നിലവിലെ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെ ദേശീയ അധ്യക്ഷനാക്കാനുള്ള തീരുമാനം എടുത്തിരുന്നു

ദില്ലി: ദില്ലിയിലെ കേരള ഹൗസിൽ (Kerala House Delhi) ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി (DYFI Central Committee) യോഗം ചേർന്നത് വിവാദത്തിലായി. പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് (Indian Youth Congress) രംഗത്തെത്തി. ചട്ടം മറികടന്ന് ഡിവൈഎഫ്ഐക്കായി കോൺഫറൻസ് മുറി അനുവദിച്ചെന്നാണ് ആരോപണം. കേരള ഹൗസിലെ കോൺഫറൻസ് ഹാളിലാണ് ഇന്ന്  കേന്ദ്ര കമ്മിറ്റി യോഗം ചേർന്നത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന മന്ത്രി മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുത്തിരുന്നു. കേരള ഹൗസ് റസിഡൻറ് കമ്മീഷണർക്ക് പരാതി നൽകുമെന്ന്  യൂത്ത് കോൺഗ്രസ് ദില്ലി വക്താവ് വിനീത് തോമസ് അറിയിച്ചു.

ഇന്ന് ചേർന്ന കേന്ദ്രകമ്മിറ്റി യോഗം പിഎ മുഹമ്മദ് റിയാസിന് പകരം നിലവിലെ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെ ദേശീയ അധ്യക്ഷനാക്കാനുള്ള തീരുമാനം എടുത്തിരുന്നു. അടുത്ത അഖിലേന്ത്യാ സമ്മേളനം വരെയാണ് റഹീമിന് ചുമതല. താത്കാലിക ചുമതലയാണ് ഇപ്പോൾ റഹീമിന് നൽകുന്നതെങ്കിലും ഡിവൈഎഫ്ഐയുടെ അടുത്ത സമ്മേളനത്തിൽ റഹീം നേരിട്ട് അധ്യക്ഷനാവാണ് സാധ്യത. ഇന്നലെ ദില്ലിയിൽ ചേർന്ന ഫ്രാക്ഷൻ യോഗത്തിൽ റഹീമിന്  ചുമതല നൽകുന്നത് സംബന്ധിച്ച് ധാരണയായിരുന്നു. 

നിലവിലെ ഡിവെഎഫ്ഐ ദേശീയ അധ്യക്ഷൻ പിഎ മുഹമ്മദ് റിയാസ് രണ്ടാം പിണറായി സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് സംഘടനാ ചുമതല ഒഴിയുന്നത്. റഹീം ദേശീയ നേതൃത്വത്തിലേക്ക് മാറുന്നതോടെ സംസ്ഥാന ഡിവെഎഫ്ഐ നേതൃത്വത്തിലും മാറ്റമുണ്ടാവും. എം.വിജിൻ, കെവി സുമേഷ്, സച്ചിൻ ദേവ്, കെ റഫീഖ് എന്നിവരുടെ പേരുകൾ ഡിവൈഎഫ്ഐ സംസ്ഥാന  സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ വൈകാതെ തീരുമാനുണ്ടാവും. കേരളത്തിൽ നിന്നുള്ള മറ്റൊരു നേതാവായ ജെയ്ക്ക് പി തോമസിനെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

click me!