
ഇടുക്കി: ശാന്തൻപാറക്ക് (Santhanpara) സമീപം പേത്തൊട്ടിയിൽ കുസൃതി കാണിച്ച അഞ്ചര വയസുകാരനെ പൊള്ളിച്ച അമ്മ അറസ്റ്റില്‍. അമ്മയെ നാളെ കോടതിയിൽ ഹാജരാക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ജാമ്യം ഇല്ലാത്ത വകുപ്പാണ് അമ്മയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ സ്ത്രീ പേത്തൊട്ടിയിൽ സ്ഥിര താമസക്കാരിയായ തോട്ടം തൊഴിലാളിയാണ്.
അഞ്ചുദിവസം മുമ്പാണ് സംഭവം നടന്നത്. കുട്ടിയുടെ ശരീരത്തിൽ നാല് ഭാഗത്തായി പൊളളലേറ്റിട്ടുണ്ട്. തവി അടുപ്പിൽ വച്ച് ചൂടാക്കിയാണ് പൊള്ളലേൽപ്പിച്ചത്. സമീപത്തെ വീടുകളിലുള്ള കുട്ടികളെ അടിക്കുന്നുവെന്നും കുസൃതി കാണിക്കുന്നുവെന്നും പരാതി ഉയർന്നതിനെ തുടർന്നാണ് ശിക്ഷിച്ചതെന്നാണ് അമ്മ തന്നെ പറഞ്ഞത്.
സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് പോയ ഇവർ അവിടെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയതായി പറയുന്നു. തിരികെ എത്തിയപ്പോൾ കാലിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട സമീപവാസികൾ ആണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് കുട്ടിയെ ശാന്തൻപാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ ചൈൽഡ് ലൈനും അന്വേഷണം തുടങ്ങി. കുട്ടിക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ചൈൽഡ് ലൈൻ അധികൃതർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam