മനോരമയുടെ കൊല അതിക്രൂരമായി,ആക്രമിക്കാൻ ശ്രമിച്ചു,പ്രതി ആദം നാടുവിട്ടത് പൊലീസ് വീഴ്ച,പ്രതിയെ ഇന്നെത്തിക്കും

By Web TeamFirst Published Aug 10, 2022, 5:42 AM IST
Highlights

വെള്ളവും ഭക്ഷണവും കൊടുത്തിരുന്ന വീട്ടമ്മയെ പിന്നിൽ നിന്നും ആക്രമിക്കാൻ ആദം അലി ശ്രമിച്ചു

തിരുവനന്തപുരം : കേശവദാസപുരത്ത് വീട്ടമ്മയായിരുന്ന മനോരമയെ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയത് അതിക്രൂരമായി. മനോരമയെ കഴുത്തുറത്ത് കൊലപ്പെടുത്തിയ ശേഷം ആണ് കിണറ്റിൽ ഇട്ടത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലക്ക് മുമ്പ് മനോരമയെ പിന്നിൽ നിന്നും ആദം അലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ചെന്നൈയിൽ പിടിയിലായ ആദമിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

 

മനോരമയെന്ന വീട്ടമ്മയുടെ മരണ കാരണം കഴുത്ത് ഞെരിച്ചെന്നാണ് ആദ്യ വിവരം പുറത്തുവന്നത്. എന്നാൽ അതിക്രൂര കൊലപാതകത്തെ കുറിച്ചുളള വിവരങ്ങള്‍ പ്രതിയെ പിടികൂടാത്തതിനാൽ പൊലീസ് പുറത്തുവിട്ടിരുന്നില്ല. എന്നാൽ 21 വയസ്സുകാരൻ നടത്തിയത് അതി ക്രൂരമായ കൊലപാതകം എന്ന വിവരമാണ് പുറത്തുവരുന്നത്. 

വെള്ളവും ഭക്ഷണവും കൊടുത്തിരുന്ന വീട്ടമ്മയെ പിന്നിൽ നിന്നും ആക്രമിക്കാൻ ആദം അലി ശ്രമിച്ചു. പാക്ക് വെട്ടി കൊണ്ടിരിക്കുകയായിരുന്നു മനോരമ. നിലവിളിച്ചപ്പോള്‍ വായ് കൂട്ടിപിടിച്ചു. ശ്വാസം കിട്ടാതെ പരക്കം പായുന്നതിനിടെ മനോരമ ഉപയോഗിച്ചിരുന്ന കത്തിയെടുത്ത് കഴുത്ത് ‍അറുക്കുകയായിരുന്നുവെന്നാണ് ആദം ഇപ്പോള്‍ നൽകിയ മൊഴി. 

മൃതദേഹത്തിൻെറ നെറ്റിയിൽ ആഴത്തിലുള്ള ചതവുമുണ്ട്. ഇത് കിണറ്റിലേക്കിട്ടപ്പോള്‍ ഉണ്ടായതാണോയെന്നാണ് സംശയം. അതിക്രൂരമായി കൊലപതാകം ചെയ്ത ശേഷം തലസ്ഥാനം വിട്ട ആദം കഴിഞ്ഞ ദിവസമാണ് പിടിയിലായത്. പൊലീസിന് തുടക്കത്തിലുണ്ടായ വീഴ്ചകള്‍ കാരണമാണ് പ്രതി സംസ്ഥാനം വിട്ടത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റഷനിൽ പരാതി ലഭിച്ചപ്പോള്‍ മനോരമക്കുവേണ്ടി അന്വേഷണം തുടങ്ങി. സമീപത്തുള്ള അതിഥി തൊഴിലാളികളിൽ ഒരാളെ കാണാനില്ലെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ ട്രെയിൻ അലർട്ടിൽ വിവരം കൈമാറിയില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഞായറാഴ്ച രാത്രി പരിശോധിച്ചതുമില്ല. എട്ടു മണിയോടെ വിവരം റെയിൽവേ പൊലീസിന് കൈമാറിയെങ്കിലും ട്രെയിനുകള്‍ പൊലീസ് പരിശോധിച്ചില്ല. അടുത്ത ദിവസം രണ്ടുമണിയോടെയാണ് ചെന്നൈ എക്സ്പ്രസിൽ രക്ഷപ്പെട്ടുവെന്ന് ഷാഡോ പൊലീസിൻെറ പരിശോധയിൽ വ്യക്തമാകുന്നത്.

തിരുവനന്തപുരം ഡിസിപി അജിത്ത് ചെന്നൈ പൊലീസിൻെറ സഹായം തേടിയതോടെയാണ് ബംഗാളിലേക്ക് രക്ഷപ്പെടുന്നതിനിടെ പ്രതി പിടിയിലാകുന്നത്. മനോരമയുടെ വീടിനടുത്തുള്ള കിണറുകള്‍ പരിശോധിക്കാനും വെള്ളം വറ്റിക്കാനും ആദ്യം മെഡിക്കൽ കൊളജ് പൊലീസ് തയ്യാറായില്ല. അടുത്ത ദിവസം പരിശോധിക്കാമെന്നായിരുന്നു നിലപാട്. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് രാത്രി ഫയർഫോഴ്സിനെ വിളിച്ച് കിണർ വറ്റിച്ചത്. ഇതോടെയാണ് മൃതദേഹം കണ്ടെത്തിയത്. അന്നു രാത്രി മൃതദേഹം കണ്ടെത്തിയിരുന്നില്ലെങ്കിൽ അന്വേഷണം വീണ്ടും വഴി തെറ്റിപോകുമായിരുന്നു

click me!