പിസിയെ ഇറക്കി ജയശങ്കറിന് സുരേന്ദ്രന്‍റെ 'ചെക്ക്', ഐടി സെല്ലുമായുള്ള പോരിന് കാരണം പത്തനംതിട്ട സീറ്റോ? 

Published : Feb 23, 2024, 12:59 PM IST
പിസിയെ ഇറക്കി ജയശങ്കറിന് സുരേന്ദ്രന്‍റെ 'ചെക്ക്', ഐടി സെല്ലുമായുള്ള പോരിന് കാരണം പത്തനംതിട്ട സീറ്റോ? 

Synopsis

സംഘടനാചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായുള്ള അടുപ്പമാണ് ഐടി സെല്‍ കണ്‍വീനര്‍ എസ് ജയശങ്കറിന്‍റെ കരുത്ത്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും ഐടി സെല്‍ കണ്‍വീനറുമായുള്ള പോരുകനക്കാനുള്ള പ്രധാന കാരണം പത്തനംതിട്ട സീറ്റ്. ആര്‍എസ്എസ് നേതാക്കളുടെ പിന്തുണയില്‍ ഇവിടെ മത്സരിക്കാനുള്ള കരുനീക്കത്തിലായിരുന്നു എസ് ജയശങ്കര്‍. സീറ്റ് നല്‍കാനാവില്ലെന്ന് കെ.സുരേന്ദ്രന്‍ നിലപാട് എടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായത്. സംഘടനാചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായുള്ള അടുപ്പമാണ് ഐടി സെല്‍ കണ്‍വീനര്‍ എസ് ജയശങ്കറിന്‍റെ കരുത്ത്. തിരുവല്ലക്കാരനായ ജയശങ്കര്‍ പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന താല്‍പര്യവും പ്രകടിപ്പിച്ചിരുന്നു. കെ സുരേന്ദ്രന്‍ മികച്ച മുന്നേറ്റം നടത്തിയ മണ്ഡലത്തില്‍ ഇത്തവണ അദ്ദേഹം മത്സരത്തിനുണ്ടാകില്ലെന്ന് പാര്‍ട്ടിയില്‍ ഏതാണ്ട് ധാരണയായിരുന്നു. സുരേന്ദ്രന്‍ ഇല്ലെങ്കില്‍ ജയശങ്കറിന് നല്‍കേണ്ടിയും വന്നേക്കും.

ഈ സാഹചര്യത്തിലാണ് പിസി ജോര്‍ജിനെ പൊടുന്നനെ ഡല്‍ഹിയില്‍ എത്തിച്ച് പാര്‍ട്ടി അംഗത്വം എടുപ്പിച്ചത്. ജയശങ്കറിനെ വെട്ടാന്‍ സുരേന്ദ്രന്‍ പിസി ജോര്‍ജിനെ ഇറക്കിയെന്ന് സാരം. രാഷ്ട്രീയക്കളിയില്‍ ഇത് ചെക്കാണെന്ന് മനസിലായതോടെ പുതിയ കളികളിലേക്ക് ഐടി സെല്ലും കടന്നു. പൊന്നാനിയില്‍ പഴയ പ്രചാരണഗാനം പ്ലേ ചെയ്തും എസ്.സി എസ്ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണമെന്ന നോട്ടീസ് അടിച്ചും പ്രതികാരം ചെയ്തുവെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അടക്കംപറയുന്നത്. പാര്‍ട്ടിക്ക് നാണക്കേടുണ്ടായെങ്കിലും കെ സുരേന്ദ്രനെയായിരുന്നു ഉന്നമിട്ടത്.

ജയശങ്കറിനെ മാറ്റിയേ തീരുവെന്ന നിലപാടിലാണ് വി മുരളീധരനും കെ സുരേന്ദ്രനും അടങ്ങുന്ന പക്ഷം. എന്നാല്‍, പ്രകാശ് ജാവദേക്കര്‍ നടത്തിയ പ്രതികരണം ഉള്‍പ്പടെ ആര്‍എസ്എസ് പിന്തുണ ആര്‍ക്കെന്ന് വ്യക്തമാക്കുന്നതാണ്. പാര്‍ട്ടിയിലെ ഉള്‍പ്പോര് സീറ്റ് നിര്‍ണയത്തെ ഉള്‍പ്പെടെ ബാധിക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷമുണ്ട്. അതേസമയം, പിസി ജോര്‍ജിനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

പത്തനംതിട്ടയില്‍ പിസി ജോര്‍ജിനെ വേണ്ടെന്ന് നേതാക്കള്‍, പകരം ആര്? പുതിയ ഫോര്‍മുലയ്ക്കായി ബിജെപി

 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം