
കോഴിക്കോട്: തന്നെ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപെടുത്തിയെന്ന് സിപിഎം പ്രവർത്തകൻ താഹ പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. താഹയുടെ സഹോദരനാണ് ദൃശ്യങ്ങൾ പകർത്തിയത്.
പൊലീസ് കളളക്കേസ് സൃഷ്ടിക്കുകയാണെന്നും മാവോയിസ്റ്റ് ബന്ധമില്ലെന്നും കോടതിയിൽ ഹാജരാകാനെത്തിയ പ്രതികൾ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുകയായിരുന്ന തങ്ങളെ പൊലീസ് പിടിച്ചു വലിച്ചു കൊണ്ടുപോവുകയായിരുന്നെന്നും ഇത് ഭരണകൂട ഭീകരതയെന്നുമായിരുന്നു അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും പ്രതികരണം.
അറസ്റ്റിന് മുൻപുള്ള താഹയുടെ ദൃശ്യങ്ങൾ
അതേ സമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റിമാൻറ് ചെയ്ത അലൻ ,താഹ എന്നിവരെ കോഴിക്കോട് ജയിലിൽ നിന്ന് വിയ്യൂരിലേക്ക് മാറ്റാൻ തീരുമാനമായി. രക്ഷിതാക്കളെ പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം പൊലീസിന്റേത് അല്ലെന്ന് കമ്മീഷണർ എ വി ജോർജ്ജ് പ്രതികരിച്ചു.
പൊലീസ് നിർബന്ധിപ്പിച്ച് താഹയെ കൊണ്ട് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചുവെന്ന് ആരോപിച്ച് താഹയുടെ അമ്മ ജമീല രംഗത്തെത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലായിരുന്നു ജമീലയുടെ പ്രതികരണം. താഹയെ ക്രൂരമായി മർദ്ദിച്ചുവെന്നും ആരോപിച്ച ജമീല വീട്ടിൽ നിന്ന് പൊലീസ് തെളിവായി കൊണ്ടുപോയത് സിപിഎമ്മിന്റെ കൊടിയാണെന്നും വ്യക്തമാക്കി.
Read Also: ഇടതുപക്ഷ നയത്തിനെതിരാണ് പൊലീസിന്‍റെ പ്രവൃത്തി എന്ന് അലന്‍റെ അമ്മ
പൊലീസ് അപമര്യാദയായിട്ടാണ് പെരുമാറിയതെന്നും വീട്ടിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കിട്ടിയിരുന്നില്ലെന്നും അറസ്റ്റിലായ അലന്റെ അമ്മയും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇടതുപക്ഷ നയത്തിനെതിരായാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
Read Also: 'അവനെക്കൊണ്ട് നിര്‍ബന്ധിച്ച് മാവോയിസ്റ്റ് മുദ്രാവാക്യം വിളിപ്പിച്ചു'; പൊലീസിനെതിരെ താഹയുടെ അമ്മ
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇന്നലെയാണ് പന്തീരങ്കാവിലെ സിപിഎം പ്രവർത്തകരായ താഹയെയും അലനെയും പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ സിപിഎമ്മിൽ നിന്നടക്കം വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ നടപടി പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam