'വാളയാർ കേസ് സിബിഐ തന്നെ അന്വേഷിക്കണം': മുഖ്യമന്ത്രിയെ കണ്ട് അച്ഛനമ്മമാർ

By Web TeamFirst Published Oct 31, 2019, 12:25 PM IST
Highlights

മുഖ്യമന്ത്രിയിൽ വിശ്വാസം ഉണ്ടെന്നും മാതാപിതാക്കൾ. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വാളയാർ കേസിൽ രൂക്ഷ വിമർശനം ഉന്നയിച്ച് കോടതി

തിരുവനന്തപുരം/പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ട് സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ചു. എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ധാനം ചെയ്തതായി കൂടിക്കാഴ്ചക്ക് ശേഷം അമ്മ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസം ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

'ആവശ്യപ്പെടുന്നതെന്തും ചെയ്തു തരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഞങ്ങൾക്ക് നീതി വേണം. ഇനിയൊരു മക്കളും ഇത് പോലെ ആകാൻ പാടില്ല...മുഖ്യമന്ത്രിയിൽ ഉറച്ച വിശ്വാസമുണ്ട്...'.

മാധ്യമങ്ങളുടെ മുന്നിൽ വിതുമ്പിക്കൊണ്ടായിരുന്നു അമ്മയുടെ പ്രതികരണം.കെപിഎംഎസ് ചെയർമാൻ പുന്നല ശ്രീകുമാറിനൊപ്പം നിയമസഭയിലെ ഓഫീസിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രിയെ നേരിൽ കണ്ടത്.

അതിനിടെ വാളയാർ കേസിൽ തുടരന്വേഷണം വേണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. കേസിന്റെ വിധി ഇതിനോടകം വന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രോസിക്യൂഷനെ വിമർശിച്ച് കോടതി

കേസിൽ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനങ്ങളുള്ള വിധിയുടെ വിശദാംശങ്ങൾ പുറത്തു വന്നു. വാളയാറിലെ ഇളയ പെൺകുട്ടിയുടെ മരണത്തിൽ ശാസ്ത്രീയ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി വിമർശനം. കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം പോലീസ് അന്വേഷിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും കൊലപാതക സാധ്യത അന്വേഷിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നും കോടതി കുറ്റപ്പെടുത്തി.

രണ്ടാം പ്രതി പ്രദീപിനെ വിട്ടയച്ച കേസിലെ വിധിയിലാണ് പ്രോസിക്യൂഷനെതിരായ കോടതിയുടെ രൂക്ഷ പരാമർശം ഉള്ളത്. സാഹചര്യ തെളിവുകൾ പോലും വിശ്വാസ യോഗ്യമല്ലെന്നും സാക്ഷിമൊഴികളിൽ പലതിനും പരസ്പര ബന്ധമില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിമർശനങ്ങൾ അടങ്ങിയ കോടതി വിധിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

വാളയാർ കേസിൽ അട്ടിമറി നടന്നതിന്റെ വിവിധ തെളിവുകൾ ഇന്നലെ പുറത്തു വന്നിരുന്നു. സാക്ഷിമൊഴികളിൽ പറഞ്ഞ ചില കാര്യങ്ങള്‍ പൊലീസ് സമര്‍പ്പിച്ച രേഖകളിലുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന വിധിയുടെ പകർപ്പും ഇന്നലെ പുറത്തു വന്നിരുന്നു. പീഡനം നടന്നിട്ടുണ്ടെങ്കിൽ അതിൽ പ്രത്യേകം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യണമായിരുന്നുവെന്നും വിധി ചൂണ്ടിക്കാട്ടിയിരുന്നു. 

Read More: പ്രതികള്‍ പീഡനം നടത്തിയതിന്‍റെ തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ല; വാളയാർ വിധിയുടെ വിശദാംശങ്ങൾ പുറത്ത്.

പ്രതി പെണ്‍‍കുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്നു എന്നതും പെൺകുട്ടി അയാളുടെ വീട്ടിൽ വീട്ടിൽ പോയിരുന്നു എന്നത് മാത്രമാണ് വിശ്വാസയോഗ്യമായ സാഹചര്യതെളിവുകളെന്നാണ് വിധിയിൽ പറയുന്നത്. പ്രതികളുടെ വീട്ടിലേക്ക് പെണ്‍കുട്ടി പോയപ്പോഴാണ് പീഡനം നടന്നതെന്നാണ് വാദം. പക്ഷെ അതിന് തെളിവുകളില്ലെന്നും സാക്ഷിമൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും ആണ് വിധിയിലെ പരാമർശം.

മക്കളുടേത് ആത്മഹത്യയല്ല ,മറിച്ച് കൊലപാതകം ആണെന്ന തരത്തിൽ ഉള്ള മാതാപിതാക്കളുടെ മൊഴി കുറ്റപത്രത്തിൽ നിന്നൊഴിവാക്കിയെന്ന വിവരവും ഇന്നലെ തന്നെയാണ് പുറത്തു വന്നത്. കൊലപാതക സാധ്യതകൾ പരിഗണിക്കണമെന്ന് ഫോറൻസിക് സർജൻ ആവശ്യപ്പെട്ടിട്ടു പോലും കൊലപാതകം എന്ന വാക്കും പോലും ഇല്ലാത്ത കുറ്റപത്രമായിരുന്നു കേസിലേത്.

Read More: വാളയാറിൽ അട്ടിമറിയുടെ തെളിവുകൾ വീണ്ടും: കൊലപാതകമെന്ന മാതാപിതാക്കളുടെ മൊഴി കുറ്റപത്രത്തിൽ ഒഴിവാക്കി.

പ്രോസിക്യൂഷന് ഗുരുതര വീഴ്ചയെന്ന് വ്യക്തമാക്കുന്ന കോടതി വിധിയുടെ പകർപ്പ് പുറത്തു വന്ന സാഹചര്യത്തിൽ പുനരന്വേഷണം എന്ന ആവശ്യം വീണ്ടും ശക്തമാകും. കോടതിയുടെ പരാമർശങ്ങൾ പിടിവള്ളിയാക്കി ആകും സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ഇനിയുള്ള നീക്കങ്ങൾ. 

Read More: 

click me!