
കാസർകോട്: കാണാതായ ആടുകള്‍ക്ക് പിന്നാലെയുള്ള അന്വേഷണം കാസര്‍കോട് കുമ്പളയിലെ സഹോദരങ്ങളെ കൊണ്ടെത്തിച്ചത് സ്ഥിരം ആടുമോഷ്ടാക്കളിലേക്ക്. സഹോദരന്മാരായ അബ്ബാസും അബ്ദുല്‍ ഹമീദും നാല് മാസമായി നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കുമ്പള പൊലീസ് പ്രതിയെ കർണാടക രംഗനഗറിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കുണ്ടന്‍കാറടുക്കയില്‍ മേയാന്‍ വിട്ടപ്പോഴാണ് ആദ്യം ആടിനെ കാണാതായത്. പിന്നീട് തുടരെത്തുടരെ കാണാതായി. അങ്ങനെ ആകെ മൊത്തം 14 എണ്ണത്തിനെ കാണാതായി. ഇതോടെയാണ് സഹോദരങ്ങൾ പൊലീസിനെ സമീപിച്ചത്. എന്നാൽ പൊലീസ് പരാതി കാര്യമായെടുത്തില്ല. ഇതോടെയാണ് സഹോദരന്മാരായ കെ.ബി അബ്ബാസും, അബ്ദുല്‍ ഹമീദും അന്വേഷിച്ചിറങ്ങിയത്. സമീപ പ്രദേശങ്ങളിലെ ഇറച്ചി വില്‍പ്പന ശാലകളിലായിരുന്നു ആദ്യ അന്വേഷണങ്ങള്‍. പക്ഷേ, ഫലമുണ്ടായില്ല.
വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അങ്ങനെയാണ് 13 വയസ് തോന്നിക്കുന്ന ഒരു കുട്ടി ബിസ്ക്കറ്റ് കൊടുത്ത് ആടിനെ കൊണ്ട് പോകുന്ന ദൃശ്യം കണ്ടെത്തിയത്. ഇത് വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിച്ചതോടെ ഉപ്പള സ്വദേശിയായ മുനീര്‍ എന്നയാൾ വിളിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് തന്റെ ആടിനെ ഇതേപോലെ ബിസ്കറ്റ് കൊടുത്ത കുട്ടിയെ പിടികൂടി പൊലീസിലേൽപ്പിച്ചു എന്നായിരുന്നു മുനീര്‍ പറഞ്ഞത്. ഉപ്പള പൊലീസ് സ്റ്റേഷനിൽ കുട്ടിയുടെ ഉമ്മയുടെ ആധാര്‍ കാര്‍ഡും ഫോൺ നമ്പറും ഉണ്ടായിരുന്നു. ആ നമ്പറിൽ വിളിച്ചു. എന്നാൽ കുട്ടിക്ക് ആടിനെ ഭയങ്കര ഇഷ്ടമായതിനാലാണ് ബിസ്കറ്റ് കൊടുത്തതെന്നായിരുന്നു അവരുടെ മറുപടി.
മറ്റിടങ്ങളില്‍ നിന്നും ഇതേ രീതിയില്‍ ആടുകളെ കടത്തിക്കൊണ്ട് പോകുന്നതായി മനസിലായതോടെ അവരെ വീണ്ടും വിളിക്കുകയായിരുന്നു. യാത്രാ ചെലവിലേക്കായി 500 രൂപ ഗൂഗിള്‍ പേ ചെയ്ത് കൊടുക്കാനായിരുന്നു നിര്‍ദേശം. എന്നാൽ പണം അയച്ച് കൊടുത്തിട്ടും അവര്‍ വന്നില്ല. ഇതോടെ ആധാറിലെ വിലാസം തേടി സഹോദരങ്ങൾ യാത്രയായി. കര്‍ണാടകയിലെ ബ്രഹ്മാവലിലെ വീട്ടിൽ 70 ലധികം ആടുകളുണ്ടായിരുന്നു. സഹോദരങ്ങളും കുമ്പള പൊലീസും കര്‍ണാടക ബ്രഹ്മാവല്‍ പൊലീസ് സഹായത്തോടെയാണ് വീട് വളഞ്ഞത്. സംഘത്തിലെ സക്കഫുല്ലയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനിയായ റഫീഖിനെ കിട്ടാനുമുണ്ട്. സ്ഥിരം ആടുമോഷ്ടാക്കളാണ് ഇവര്‍. ബിസ്ക്കറ്റ് നല്‍കി ആടിനെ മാറ്റി ഒഴിഞ്ഞ സ്ഥലത്തെത്തുമ്പോള്‍ കാറില്‍ കടത്തിക്കൊണ്ട് പോകുന്നതാണ് ഇവരുടെ മോഷണ രീതി. നവംബറില് തുടങ്ങിയ ഈ സഹോദരന്മാരുടെ അന്വേഷണത്തിന് ഒടുവിലാണ് കള്ളന്മാരെ കണ്ടെത്താനായത്. പക്ഷേ ഇതുവരേയും നഷ്ടപ്പെട്ട ആടുകളെ തിരിച്ച് കിട്ടിയിട്ടില്ല.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam