കോഴിക്കോട് നിന്ന് ഒളിച്ചോടിയ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും

By Web TeamFirst Published Jan 29, 2022, 11:12 AM IST
Highlights

ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയിൽ നിന്നും ആണ് കണ്ടെത്തിയത്. 

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമില്‍ (Children's Home) നിന്ന് ഒളിച്ചോടിയ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക. ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയിൽ നിന്നും ആണ് കണ്ടെത്തിയത്. ബാലികാമന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ട് ബെംഗളൂരുവിലെത്തിയ ആറ് പെണ്‍കുട്ടികളില്‍ നാലുപേരാണ് ഇന്നലെ ഐലന്റ് എക്സ്പ്രസ് വഴി പാലക്കാട്ടെത്തിയത്. തുടർന്ന് മലപ്പുറം എടക്കരയിലേക്ക് ബസിലെത്തിയ കുട്ടികളെ എടക്കര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈകീട്ടോടെ ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലെത്തിച്ചു. ബെംഗളൂരുവില്‍ കണ്ടെത്തിയ രണ്ടു കുട്ടികളെയും ഇവർക്കൊപ്പമുളള യുവാക്കളെയും കൊണ്ട് പൊലീസ് സംഘം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട്ട് എത്തിയത്.

കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടുക്കും. ഇവർക്കെതിരെ പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ ചേർത്താണ് കേസ് എടുക്കുക. യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നൽകിയെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മലപ്പുറം എടക്കരയിലുള്ള യുവാവാണ് കുട്ടികള്‍ക്ക് പണം നല്‍കിയത്. ബാലികാമന്ദിരത്തിലെ അവസ്ഥകൾ മോശമായതിനാലാണ് പുറത്ത് കടക്കാൻ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി എന്നും കുട്ടികൾ പറഞ്ഞു. വൈദ്യ പരിശോധന നടത്തിയതില്‍ ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിന് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന സിഡബ്ല്യുസി നിർദേശം ഒരു വർഷമായിട്ടും നടപ്പിലാക്കിയിട്ടില്ല. പലതവണ അന്തേവാസികൾ ഒളിച്ചോടിയിട്ടും ബാലികാമന്ദിരം അധികൃതർ ഗുരുതര അലംഭാവം പുലർത്തിയെന്നാണ് ബാലക്ഷേമ സമിതിയുടെ വിലയിരുത്തൽ. സുരക്ഷ ഒരുക്കുന്നതിന് തടസം സാങ്കേതിക കാരണങ്ങളാണെന്ന് പറഞ്ഞ് തടിയൂരുകയാണ് അധികൃതർ. ആറ് പെൺകുട്ടികൾ ബാലികാമന്ദിരത്തിൽ നിന്ന് പുറത്ത് കടന്നതിന് പിന്നാലെയാണ് വെള്ളിമാടുകുന്നിലെ സുരക്ഷാ വീഴ്ച്ചയെപ്പറ്റി റിപ്പോർട്ടുകൾ പുറത്തുവരുന്ന്. 

17 വയസ് വരെയുള്ള പെൺകുട്ടികളെ താമസിപ്പിക്കുന്ന ഗേൾസ് ഹോമിന് വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കിയിട്ടില്ല. ചുറ്റുമതിൽ പലയിടത്തും തകർന്ന നിലയിലാണ്. അനായാസമായി ആർക്കും എപ്പോൾ വേണമെങ്കിലും പുറത്ത് കടക്കാനും അകത്തേക്ക് കയറാനുമാകും. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ, അന്തേവാസികളെ പരിപാലിക്കാൻ വാർഡർമാരോ ഇല്ല. ജെൻഡർ പാർക്ക് അടക്കമുള്ള പൊതുഇടങ്ങളുള്ള ഇവിടെ നിരീക്ഷണത്തിനായി ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. അകത്ത് കയറുന്നവർ എവിടേക്ക് പോകുന്നെന്ന് നിരീക്ഷിക്കാൻ മറ്റ് സംവിധാനങ്ങളൊന്നുമില്ല. നേരത്തെയും സമാനരീതിയിൽ കുട്ടികൾ ഒളിച്ചോടാൻ ശ്രമിച്ചിട്ടും അധികാരികൾ നിസ്സംഗത പുലർത്തുകയാണ്. ഗുരുതര വീഴ്ച്ചയാണ് ജീവനക്കാരിൽ നിന്നുണ്ടായതെന്നാണ് ബാലക്ഷേമ സമിതിയുടെ നിരീക്ഷണം.

click me!