തൃശൂർ ഒല്ലൂക്കരയിൽ ചുവരെഴുതി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ

തൃശൂർ: തൃശൂർ ഒല്ലൂക്കരയിൽ ചുവരെഴുതി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. ശബരിമല സ്വർണ്ണക്കൊള്ള ബിജെപി പ്രധാന തിരഞ്ഞെടുപ്പ് ചർച്ചാവിഷയം ആക്കും എന്നതിന്റെ സൂചനയും ദേശീയ അധ്യക്ഷൻ നൽകി. ദേശീയ അദ്ധ്യക്ഷനെ തന്നെ കളത്തിൽ ഇറക്കി ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ചുവടുവെപ്പ് തുടങ്ങി. വികസനവും വിശ്വാസ സംരക്ഷണവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ചർച്ചാവിഷയമാകുമെന്ന സൂചനയാണ് ദേശീയ അദ്ധ്യക്ഷൻ നൽകിയത്. കാലടി ആദിശങ്കര ജന്മഭൂമി സന്ദർശനത്തിനുശേഷം മാധ്യമങ്ങളെ കണ്ട നിതിൻ നബീൻ ശബരിമല സ്വർണ്ണക്കൊള്ള ബിജെപി ചർച്ചയാക്കുമെന്ന് വ്യക്തമാക്കി. ബിജെപിക്കെതിരെ ഇടത്, കോൺഗ്രസ് ക്യാമ്പുകൾ ആയുധമാക്കുന്ന കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കും ദേശീയ അദ്ധ്യക്ഷൻ തൃശ്ശൂരിൽ മറുപടി നൽകി.

റെയിൽവേ, തുറമുഖ, ടൂറിസം, കാർഷിക മേഖല ബാങ്കിംഗ് രംഗങ്ങളിലെ പരിഗണനകൾ ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി. യുപിഎസ് സർക്കാറിന്‍റെ കാലത്ത് കേരളത്തിനായി ലഭിച്ചതിനെക്കാൾ മെച്ചപ്പെട്ട പരിഗണന മോദി സർക്കാർ നൽകുന്നു എന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പറഞ്ഞു മുപ്പത് സീറ്റുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കാനാണ് ദേശീയ അധ്യക്ഷൻ കേരളത്തിലെ നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. സ്ഥാനാർത്ഥികളെ സംബന്ധിച്ച സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായവും ദേശീയ അധ്യക്ഷൻ ഇന്നലെ തേടിയിരുന്നു. 

YouTube video player