സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് വേഗമേറുന്നു, സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികൾ ഉടൻ

By Web TeamFirst Published Jun 10, 2021, 10:53 AM IST
Highlights

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധിതിക്ക് വേണ്ട ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അനുമതി നൽകിയത്. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയിൽ നിന്ന് വായ്പ എടുക്കാനും തീരുമാനമായി. 

തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കാൻ സർക്കാർ പണം അനുവദിച്ചതോടെ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് വേഗമേറുന്നു. പ്രധാന വെല്ലുവിളിയായ ഭൂമി ഏറ്റെടുക്കൽ ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് കെ റെയിലിന്റെ കണക്കുകൂട്ടൽ. ആദ്യ ഘട്ടമായി സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികൾ ഉടൻ തുടങ്ങും.

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധിതിക്ക് വേണ്ട ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അനുമതി നൽകിയത്. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയിൽ നിന്ന് വായ്പ എടുക്കാനും തീരുമാനമായി. ഭൂമി ഏറ്റെടുക്കലെന്ന ആദ്യ കടന്പയ്ക്ക് ചെലവ് 13000 കോടി രൂപ. ഇതിലേക്ക് നേരത്തേ 3000 കോടി ഹഡ്കോയിൽ നിന്ന് വായ്പ കിട്ടിയിട്ടുണ്ട്. ബാക്കി തുക മറ്റ് ധനകാര്യ സ്ഥാപനങ്ങളിലൂടെ കണ്ടെത്താമെന്നാണ് കെ റെയിലിന്റെ കണക്കുകൂട്ടൽ. 

കിഫ്ബിയിൽ നിന്ന് കൂടുതൽ തുക ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ റെയിൽ എം‍ഡി വി.അജിത് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് കെ റയിലിന് സർക്കാരിൽ നിന്നുള്ള നി‍ർദേശം. സാമൂഹിക ആഘാത പഠനം നടത്തുകയാണ് പദ്ധതിയുടെ ആദ്യ ഘട്ടം. ഇതിനായി റവന്യൂ വകുപ്പ് ജില്ല കളക്ടർമാർ വഴി റിപ്പോർട്ട് തേടും. ശേഷമാണ് ഭൂമി ഏറ്റെടുക്കലിലേക്ക് കെ റയിൽ കടക്കുക. അറുപത്തി നാലായിരം കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ആകെ ചെലവ്. 

കഴിഞ്ഞ വർഷം ജൂണിലാണ് പദ്ധതി സർക്കാർ തത്വത്തിൽ അംഗീകരിച്ചത്. രണ്ടുമാസത്തിനുള്ളി‍ൽ റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരവും കിട്ടിയേക്കും. പിന്നാലെ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരവും കിട്ടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിലമൊരുക്കിയ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള അഞ്ച് വർഷമാണ് പുതിയ സർക്കാരിന് മുന്നിലുള്ളത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടെത്താൻ വെറും നാല് മണിക്കൂർ മതിയെന്നതാണ് സെമി സ്പീഡ് റെയിൽ പാതയുടെ പ്രത്യേകത.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!