എങ്ങുമെത്താതെ സ്‍മാര്‍ട്ട് റോഡ് പദ്ധതി;ഡിപിആര്‍ അടിക്കടി മാറ്റുന്നു,റോഡുകള്‍ കുഴിച്ചതിനാല്‍ ജനം ദുരിതത്തില്‍

By Web TeamFirst Published Apr 3, 2022, 9:47 AM IST
Highlights

റോഡുകൾ കുഴിച്ചിട്ടതിനാൽ ജനം ദുരിതത്തിലാണ്. ഡിപിആര്‍ സര്‍ക്കാര്‍ തന്നെ അടിക്കടി മാറ്റുന്നതാണ് പ്രശനമെന്നാണ് സ്മാര്‍ട്ട് സിറ്റി സിഇഒയുടെ വിശദീകരണം.

തിരുവനന്തപുരം: ആസൂത്രണവും ഏകോപനവും ഇല്ലാത്തതിനാൽ എങ്ങുമെത്താതെ തിരുവനന്തപുരത്തെ സ്മാർട്ട് റോഡ് പദ്ധതി (Smart Road Project). റോഡുകൾ കുഴിച്ചിട്ടതിനാൽ ജനം ദുരിതത്തിലാണ്. ഡിപിആര്‍ സര്‍ക്കാര്‍ തന്നെ അടിക്കടി മാറ്റുന്നതാണ് പ്രശനമെന്നാണ് സ്മാര്‍ട്ട് സിറ്റി സിഇഒയുടെ വിശദീകരണം. ദിവസനേ നിരവധി പേരാണ് തിരുവനന്തപുരം നഗരത്തില്‍ ബുദ്ധിമുട്ടുന്നത്. ആറ് മാസം മുൻപ് കുഴിച്ച് കേബിളിട്ട റോഡ് ഇപ്പോള്‍ വീണ്ടും കുഴിക്കുന്നു. പൊടുന്നനെ പ്ലാൻ മാറി. മലിനജല പൈപ്പ് കൂടി ഈ കുഴിയിൽ ഇടണം. അടിക്കടി പ്ലാൻ മാറുമ്പോൾ സ്മാർട്ട് റോഡ് പണിതിട്ടും പണിതിട്ടും തീരുന്നില്ല.

നേരത്തെ പ്ലാനില്‍ ഇല്ലാതിരുന്ന മലിന ജല പൈപ്പുകൂടി റോഡിനടിയിലൂടെ കടത്തിവിടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജല അതോറിറ്റിയാണ് അത് ചെയ്യേണ്ടത്. അതിനാല്‍ പദ്ധതി ഇനിയും വൈകുമെന്ന് സ്മാര്‍ട്ടി സിറ്റി സിഇഒ വിനയ് ഗോയല്‍ പറയുന്നത്. കേന്ദ്രത്തിൻ്റെ തന്നെ അമൃത് പദ്ധതിയില്‍പ്പെടുത്തി മാലിന്യപ്പെപ്പ് ഇടാനാണ് ആദ്യം സര്‍ക്കാര്‍ ആലോചിച്ചത്. എന്നാല്‍ സ്മാര്‍ട്ട് റോഡ് നിര്‍മ്മിക്കുന്ന കോര്‍പ്പറേഷൻ വാര്‍ഡുകളില്‍ അമൃത് പദ്ധതിക്ക് കേന്ദ്രത്തിന്‍റെ അനുമതി ലഭിക്കാത്തത് കാരണമാണ് ഡിപിആറില്‍ മാറ്റം വരുത്തിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

click me!