
കോട്ടയം: കോട്ടയം കുമാരനല്ലൂരിൽ ബൈക്ക് അപകടത്തിൽ 3 യുവാക്കൾ മരിച്ചു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവരാണ് മരിച്ചത്. കുമാരനല്ലൂർ കൊച്ചാലും ചുവട്ടിൽ വൈകിട്ടാണ് അഞ്ചരയോടെയാണ് അപകടം. അമിത വേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചാണ് അപകടം. മൂന്നു പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു.
ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈക്ക് എതിർവശത്ത് കൂടി വന്നിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. മൂവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അതേസമയം, പാലക്കാട് കൂറ്റനാട് പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൂറ്റനാട് പള്ളിക്ക് സമീപം താമസിക്കുന്ന മാളിയേക്കൽ അബൂബക്കർ (62) ആണ് മരിച്ചത്. കൂറ്റനാട് പള്ളിക്ക് സമീപമുള്ള പമ്പിൽ നിന്ന് പെട്രോൾ അടിച്ച് റോഡിലേക്ക് കേറി വരികയായിരുന്ന കാറും അബൂബക്കർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയും ബൈക്ക് തെറിച്ച് എതിരെ വരികയായിരുന്ന കാറിനു മുകളിൽ ഇടിക്കുകയും ആയിരുന്നു. ഉടൻ തന്നെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചിരുന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.