IAF Helicopter Crash : പ്രദീപിന്‍റെ കുടുംബത്തിന് 5 ലക്ഷം, പിതാവിന്‍റെ ചികിത്സയ്ക്ക് 3 ലക്ഷം, ഭാര്യക്ക് ജോലി

By Web TeamFirst Published Dec 15, 2021, 1:46 PM IST
Highlights

കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്ക് സമീപം കൂനൂരിൽ 14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടർ തകർന്നാണ് പ്രദീപ് മരിച്ചത്. പ്രദീപും സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും അടക്കം 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു. 
 

തിരുവനന്തപുരം: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ (Helicopter Crash) മരിച്ച മലയാളി സൈനികൻ എ പ്രദീപിന്‍റെ  (A Pradeep) കുടുംബത്തിന് അഞ്ചുലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകും. അച്ഛന്‍റെ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്ക് സമീപം കൂനൂരിൽ 14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടർ തകർന്നാണ് പ്രദീപ് മരിച്ചത്. പ്രദീപും സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും അടക്കം 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു. 

അവധി കഴിഞ്ഞ് ജോലി സ്ഥലത്ത് തിരിച്ചെത്തിയിട്ട് വെറും നാല് ദിവസം മാത്രം പിന്നിടുമ്പോഴാണ് പ്രദീപ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കുമായി പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. ജനറൽ ബിപിൻ റാവത്തുമൊത്ത് യാത്ര ചെയ്യാൻ പോകുന്നതിന്റെ സന്തോഷം പ്രദീപ് അപകടത്തിന് തലേദിവസം ഫോണിൽ വിളിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ആ യാത്ര ഒരു ദുഖ വാർത്തയാകുമെന്ന് ആരും കരുതിയില്ല. 

രോഗിയായ അച്ഛന്‍ രാധാകൃഷ്ണനെ മകന്‍റെ മരണ വിവരം അറിയിച്ചത് സംസ്‍ക്കാര ദിവസമായിരുന്നു. തൃശ്ശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ ശനിയാഴ്ച സൈനിക ബഹുമതികളോടെ പ്രദീപിന്‍റെ മൃതദേഹം സംസ്‍ക്കരിച്ചു. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിന്‍റെ കുടുംബം. അച്ഛന്‍ രാധാകൃഷ്ണന്‍, അമ്മ കുമാരി. ഭാര്യ ശ്രീലക്ഷ്മി. ദക്ഷിണ്‍ ദേവ്‌സ, ദേവ പ്രയാഗ് എന്നിവരാണ് മക്കള്‍. 

click me!