പീഡനക്കേസ്: മോൻസൺ മാവുങ്കലിന്‍റെ ജാമ്യ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

Published : Aug 23, 2022, 12:03 PM IST
പീഡനക്കേസ്: മോൻസൺ മാവുങ്കലിന്‍റെ ജാമ്യ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

Synopsis

മോൻസൺന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്

ദില്ലി : പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കൽ നൽകിയ ജാമ്യ ഹർജി പരിഗണിക്കുന്നത്  സുപ്രീം കോടതി മാറ്റി. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. മോൻസൺന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് മോൻസൺ മാവുങ്കൽ സുപ്രീംകോടതിയിൽ എത്തിയത്. തനിക്കെതിരായ പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതെന്ന് ഹർജിയില്‍ ആരോപിക്കുന്നു. ജീവക്കാരിയുടെ കോടതിയിലെ മൊഴിയും ഐ പാഡിന്‍റെ ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസൺ അപേക്ഷയില്‍ ആരോപിക്കുന്നു

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ 14ാം തിയതിയാണ് ഹൈക്കോടതി തളളിയത്. ബലാത്സംഗ – പോക്സോ കേസുകളിലാണ് മോൻസണ്‍ കോടതിയെ സമീപിച്ചിരുന്നത്. വിവാഹിതയായ യുവതിയെയും  പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയേയും  ബലാത്സംഗം ചെയ്തെന്നായിരുന്നു കുറ്റം. ഇരുകേസുകളിലും കുറ്റപത്രം സമർപ്പിച്ചെന്നും വിചാരണ ഉടൻ തുടങ്ങുമെന്നും സർക്കാർ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തളളിയത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് മോൻസൺ മാവുങ്കലിനെതിരെ കേസ് എടുത്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കൽ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.

മോൻസണ് തേങ്ങയും മീനും കൊണ്ടുവരാൻ ഡിഐജി വാഹനം;കൊവിഡ് കാലത്ത് പാസുകൾ നൽകിയത് ഐജി ലക്ഷ്മണ-മുൻ ഡ്രൈവർ ജെയ്സൺ

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസണും പൊലീസും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. മോൻസൺ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് പുറത്ത് വന്നത്. മോൻസന്റെ വീട്ടിൽ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറിൽ ആണെന്നാണ് മുൻ ഡ്രൈവർ ജെയ്സൺ വെളിപ്പെടുത്തിയിരിക്കുന്നത്. മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തിൽ മോൻസൺ തേങ്ങയും മീനും കൊണ്ടുവന്നത്. ഇത് വ്യക്തമാാക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സൺ പറഞ്ഞു. 

ഐ ജി ലക്ഷണയ്ക്ക് എതിരെയും ആരോപണം ഉണ്ട്. കൊവിഡ് കാലത്ത് മോൻസന്റെ കൂട്ടുകാർക്കായി ഐ ജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകൾ നൽകി. മോൻസന്റെ കലൂരിലെ വീട്ടിൽ നിന്ന് ഐ ജി യുടെ പേരിൽ ആണ് പാസ് നൽകിയതെന്നും പരാതിയിൽ പറയുന്നു.ഇതെല്ലാം വ്യക്തമാക്കുന്ന വാട്സ് ആപ് ചാറ്റും ഫോൺ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്

പുരാവസ്തു തട്ടിപ്പ് കേസ്; സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം  വേണമെന്ന് പരാതിക്കാരുടെ ആവശ്യം. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകിയതിന് പിറകെ ആണ് നീക്കം.

ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകൾ പലതും  അട്ടിമറിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിൽ പ്രതികളാണ്. ക്രൈംബ്രാഞ്ചിന്  അന്വേഷണം നടത്താൻ പരിമിതികൾ ഉണ്ട്. യാഥാർത്ഥ പ്രതികൾ പലരും ഇപ്പോഴും പിടിയിലായില്ല. സംസ്ഥാനത്തിന് പുറത്തടക്കം നീണ്ടു നിൽക്കുന്നതാണ് തട്ടിപ്പ്. സിബിഐ അന്വേഷണം അനിവാര്യമെന്നും പരാതിക്കാരൻ യാക്കൂബ് പുതിയപുരയിൽ പറയുന്നു. 

മോൻസൻ മാവുങ്കലിനെതിരായ കേസിൽ ആരോപണവിധേയരായ പൊലീസുദ്യോഗസ്ഥരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കുന്നുണ്ട്. ഐ ജി ലക്ഷ്മണയടക്കമുളള ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ര്‍ജി പരിഗണിക്കാനായി ഈ മാസം 10ല്‍ നിന്ന് മാറ്റുകയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ്  ഹർജി പരിഗണിച്ചത്. പൊലീസ് ഉദ്യോഗസ്ഥ‍ര്‍ക്ക് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് കോടതിയിൽ ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥർ മോൻസനിൽ നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത റിമാന്‍ഡിൽ, മഞ്ചേരി ജയിലിലേക്ക് മാറ്റും
ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി, 'ശങ്കരദാസിന്‍റെ അസുഖം എന്ത്?'