
ദില്ലി:നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം നല്കാൻ സുപ്രീംകോടതി നിർദ്ദേശം. ജാമ്യവ്യവസ്ഥകൾ ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി നിശ്ചയിക്കണമെന്നും. വിചാരണ നീണ്ടുപോകുന്നതിനെതിരെ വിമർശനം ഉന്നയിച്ച കോടതി ഇതെന്ത് വിചാരണ എന്ന ചോദ്യവും കേസ് പരിഗണിക്കുന്നതിനിടെ ഉയർത്തി. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ശക്തമായി എതിർത്തെങ്കിലും ജാമ്യം നല്‍കാൻ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു.
പൾസർ സുനിക്കെതിരായ മറ്റു കേസുകളുടെ പട്ടികയും കോടതിക്ക് സംസ്ഥാനം കൈമാറി. നടിയെ ആക്രമിച്ചത് പൾസർ സുനിയാണെന്നും ഈ ദ്യശ്യങ്ങൾ മറ്റുള്ളവർക്ക് നല്കിയെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പൾസർ സുനി പുറത്തിറങ്ങുന്നത് ഉചിതമല്ലെന്നും സംസ്ഥാനത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ചിത് കുമാർ പറഞ്ഞു. എന്നാൽ, ഏഴര വർഷമായി ജയിലിലാണെന്നും വിചാരണ നീണ്ടു പോകുന്നതിനാൽ ജയിലിൽ ഇടുന്നത് ശരിയല്ലെന്നും പൾസർ സുനിക്ക് വേണ്ടി ഹാജരായ കെ പരമേശ്വറും ശ്രീറാം പറക്കാട്ടും വാദിച്ചു.
അന്വേഷണ ഉദ്യോസസ്ഥനായ ബൈജു പൗലോസിനെ 85 ദിവസം എട്ടാം പ്രതി ദിലീപ് ക്രോസ് വിസ്താരം ചെയ്തു എന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിലാണ് ഇതെന്ത് വിചാരണ എന്ന ചോദ്യം സുപ്രീംകോടതി ഉന്നയിച്ചത്. 1800 പേജ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍റെ ക്രോസ് വിസ്താരം രേഖപ്പെടുത്താൻ വേണ്ടി വന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ സുപ്രീംകോടതിയുടെ അറിവോടെയാണ് നടക്കുന്നത് എന്ന് സംസ്ഥാനം അറിയിച്ചു.
261 സാക്ഷികൾ ആകെയുണ്ട് എന്നതിനാൽ വിചാരണ ഇനിയും നീളാനാണ് സാധ്യതയെന്നും അതിനാൽ ജാമ്യം നല്കുകയാണെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തൽ എന്നിവർ ഉൾപ്പെട്ട ബഞ്ച് വ്യക്തമാക്കി. വിചാരണ കോടതിയിൽ കർശന വ്യവസ്ഥകൾക്കായി സംസ്ഥാനത്തിന് വാദിക്കാമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. തുടർച്ചയായി ഹർജികൾ നല്കിയതിന് നേരത്തെ ഹൈക്കോടതി പൾസർ സുനിക്ക് 25000 രൂപ പിഴ വിധിച്ചിരുന്നു. ഹൈക്കോടതിക്ക് ഇത് ഒഴിവാക്കാമായിരുന്നെന്നും തല്ക്കാലം ഇടപെടുന്നില്ലെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ആരോഗ്യപരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സുനി നൽകിയ ജാമ്യാപേക്ഷ സെപ്റ്റംബറിൽ പരിഗണിക്കാം എന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്. എന്നാൽ സുനി ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ പരിശോധിച്ച ശേഷം ഓഗസ്റ്റ് 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ സുനി ഹർജി സമർപ്പിച്ചത്. നേരത്തെ സുനി നൽകിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരും വാദിച്ചു.
2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയിൽ കാറിൽ ആക്രമിക്കപ്പെട്ടത്. നടൻ ദിലീപിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി. പ്രതിയായ ദിലീപിന് അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പൾസർ സുനിക്കായി മുതിർന്ന അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് എന്നിവരും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരും ഹാജരായി.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam