തൃശൂർ എൻഎച്ച്എം കോർഡിനേറ്ററുടെ തട്ടിക്കൂട്ട് കമ്പനിക്ക് കിട്ടിയത് 5 കോടി, വാങ്ങിയത് ഫേസ്ഷീൽഡ്

Web Desk   | Asianet News
Published : Jan 12, 2022, 05:54 AM ISTUpdated : Jan 12, 2022, 11:23 AM IST
തൃശൂർ എൻഎച്ച്എം കോർഡിനേറ്ററുടെ തട്ടിക്കൂട്ട് കമ്പനിക്ക് കിട്ടിയത് 5 കോടി, വാങ്ങിയത് ഫേസ്ഷീൽഡ്

Synopsis

കെഎംഎസ്‍സിഎല്‍ മുന്‍ ജനറല്‍ മാനേജര്‍ ഡോ ദിലീപ് കുമാര്‍ തൃശൂരില്‍ എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജറായിരിക്കെ പിആര്‍ഒ ആയിരുന്നു അനൂപ് പി പൗലോസ്

തിരുവനന്തപുരം: കൊവിഡിൻറെ (covid)മറവിൽ തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി ഫേസ് ഷീൽഡ്(face shield) വില്പനയിലൂടെ അഞ്ച് കോടി നേടിയെടുത്ത് നാഷനൽ ഹെൽത്ത് മിഷൻ ജില്ലാ കോർഡിനേറ്റർ. കെഎംഎസ്‍സിഎല്‍ മുന്‍ ജനറല്‍ മാനേജർ ദിലീപ് കുമാറിൻറെ അടുത്ത സുഹൃത്തും നിലവിൽ തൃശൂര്‍ എന്‍എച്ച്എം കോര്‍ഡിനേറ്ററുമായ അനൂപ് പി പൗലോസിന്‍റെ കമ്പനിയ്ക്ക് വൻ തുകക്കുള്ള കരാർ കിട്ടിയതിലാണ് ദുരൂഹത. വീടിനോട് ചേർന്നുളള്ള ഒരു താൽക്കാലിക ഷെഡ്ഡിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു. 

കെഎംഎസ്‍സിഎല്‍ മുന്‍ ജനറല്‍ മാനേജര്‍ ഡോ ദിലീപ് കുമാര്‍ തൃശൂരില്‍ എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജറായിരിക്കെ പിആര്‍ഒ ആയിരുന്നു അനൂപ് പി പൗലോസ്. അനൂപിപ്പോള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ ജില്ലാ കോര്‍ഡിനേറ്റർ എന്ന സുപ്രധാന തസ്തികയിൽ. കൊവിഡിന്‍റെ മറവില്‍ കെഎംഎസ്‍സിഎല്‍ തട്ടിക്കൂട്ട് കമ്പനികളില്‍ നിന്ന് കോടികളുടെ പര്‍ചേസ് നടത്തിയപ്പോള്‍ അനൂപിന്‍റെ കമ്പനിക്കും കിട്ടി അ‍ഞ്ച് കോടി രൂപയുടെ ഓര്‍ഡര്‍.

കരാര്‍ ജീവനക്കാരനാണെങ്കിലും വര്‍ഷങ്ങളായി ആരോഗ്യവകുപ്പിന്‍റെ നിര്‍ണായക പദവികളിലാണ് അനൂപ് പി പൗലോസ്. ഇതിനിടയിലാണ് കഴിഞ്ഞ മാസം അനൂപിന്‍റെ ഫേസ് ബുക്ക് വാളില്‍ ഒരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. 100 മാസ്കിന് വെറും 250 രൂപ. അന്വേഷിച്ചപ്പോള്‍ അനൂപിന്‍റെ വാട്സ്ആപ് സ്റ്റാറ്റസും ഇത് തന്നെ. ആമസോണ്‍ തപ്പി നോക്കിയപ്പോള്‍ അവിടെയും വില്‍ക്കാന്‍ വെച്ചിരിക്കുന്നു ഇതേ മാസ്ക്. അപ്പോഴാണ് നിര്‍മാതാക്കളുടെ പേര് ഞങ്ങള്‍ ശ്രദ്ധിച്ചത്. ആന്‍ഡ്രിയ ട്രേഡേഴ്സ്. അനൂപിന്‍റെ മകളുടെ പേരാണ് ആന്‍ഡ്രിയ. ജിഎസ്ടി നമ്പര്‍ വെച്ച് ആന്‍ഡ്രിയ ട്രേഡേഴ്സിന്‍റെ വിവരങ്ങളെടുത്തു. അനൂപ് പി പൗലോസിന്‍റെ അച്ഛന്‍റെ പേരിലാണ് ജിഎസ്ടി രജിസ്ട്രേഷന്‍. ആന്‍ഡ്രിയ ട്രേഡേഴ്സ് തുടങ്ങിയതാവട്ടെ കൊവിഡിന്‍റെ ആദ്യഘട്ടമായ 2020 ആഗസ്ത് മാസത്തില്‍

അനൂപ് പി പൗലോസും കെഎംഎസ്‍സിഎല്‍ മുന്‍ ജനറല്‍ മാനേജര്‍ ഡോ ദിലീപ് കുമാറും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം അറിഞ്ഞതോടെ ഈ കമ്പനിക്ക് പര്‍ചേസ് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടോ എന്നായി ഞങ്ങളുടെ അന്വേഷണം. ഒരു ടെന്‍ഡറുമില്ലാതെ, തോന്നിയ പോലെ കോടികളുടെ ഇടപാട് തട്ടിക്കൂട്ട് കമ്പനികളുമായി നടത്തിയ കെഎംഎസ്‍സിഎല്‍ അനൂപിന്‍റെ ആന്‍‍ഡ്രിയ ട്രേ‍ഡേഴ്സിനും കൊടുത്തു ഓര്‍ഡര്‍

അ‍ഞ്ചോ പത്തോ ലക്ഷത്തിന്‍റെയല്ല. അഞ്ച് കോടി രൂപയുടെ ഫേസ് ഷീല്‍‍ഡ്. കെഎംഎസ്‍സില്‍ ഏഷ്യാനെറ്റ്ന്യൂസിന് നല്‍കിയ കൊവിഡ് ചെലവിന്‍റെ പട്ടികയില്‍ ഇതാ ഇരുപതാമത്തേതായി കാണിച്ചിരിക്കുന്നു. അഞ്ചു കോടി രൂപയുടെ പര്‍ചേസ് ഓര്‍ഡര്‍ കിട്ടിയ ഈ ആന്‍ഡ്രിയ ട്രേഡേഴ്സിന്‍റെ കെട്ടിടം കാണാന്‍ മേല്‍വിലാസം തിരക്കി ഞങ്ങള്‍ തൃശൂര്‍ പട്ടിക്കാടെത്തി. അനൂപിന്‍റെ വീടിനോട് ചേര്‍ന്ന് ഒരു താല്‍ക്കാലിക ഷെഡ്. ഈ ഷെഡ് വെച്ചാണ് ആഡ്രിയ ട്രേഡേഴ്സ് എന്ന തട്ടിക്കൂട്ട് പ്രസ്ഥാനം അനുപ് തുടങ്ങിയതും വെറും ഒരു കൊല്ലം കൊണ്ട് 5 കോടി രൂപയുടെ കച്ചവടം നടത്തിയതും. 

അനൂപിന്‍റെ ആന്‍ഡ്രിയ ട്രേഡേഴ്സിന് 5 കോടി രൂപയുടെ ഓര്‍ഡര്‍ കൊടുത്തത് കെഎംഎസ്‍സിഎല്‍ മുന്‍ ജനറല്‍ മാനേജര്‍ ഡോ ദിലീപ് കുമാര്‍. ദിലീപ് കുമാറും അനൂപും അടുത്ത സുഹൃത്തുക്കള്‍. കൊവിഡ് തുടങ്ങിയതോടെ ആന്‍ഡ്രിയ ട്രേഡേഴ്സ് എന്ന സ്ഥാപനം തുടങ്ങാനും അഞ്ച് കോടിയുടെ ഓര്‍ഡര്‍ സമ്പാദിക്കാനും ഡോ ദിലീപ് കുമാറിന്‍റെ സഹായമില്ലാതെ ഒരു വെറും കരാര്‍ ജീവനക്കാരനായ അനൂപിന് കഴിയുമോ.?

 ഇത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ഒരു കമ്പനി. ആകെ പര്‍ചേസ് നടത്തിയ 224 കമ്പനികളും പരിശോധിച്ചാല്‍ ഇങ്ങനെ ആരുടെയൊക്കെ പേരില്‍ എത്രയെണ്ണം കാണുമെന്നാണ് ഇനി അറിയേണ്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കൂട്ടി സർക്കാർ, വർധന മൂന്ന് ശതമാനം, ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും
ജീവനെടുത്തത് മൂന്ന് പേരുടെ, ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി ഋതു ജയന് ജാമ്യം