ജീവനെടുത്ത് കടുവ; വയനാട്ടിൽ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴുപേര്‍, ഈ വര്‍ഷം മാത്രം രണ്ടുപേര്‍

Published : Dec 10, 2023, 06:38 AM IST
ജീവനെടുത്ത് കടുവ; വയനാട്ടിൽ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴുപേര്‍, ഈ വര്‍ഷം മാത്രം രണ്ടുപേര്‍

Synopsis

2015 മുതലാണ് കടുവയെടുത്ത മനുഷ്യ ജീവിന്‍റെ കണക്ക്, രേഖകൾ സഹിതം വനംവകുപ്പ് സൂക്ഷിക്കാൻ തുടങ്ങിയത്. 2015ന് മുമ്പും കടുവ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെങ്കിലും ഇതിന്‍റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

കല്‍പ്പറ്റ: വയനാട്ടില്‍ എട്ടുവർഷത്തിനിടെ ഏഴുപേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം രണ്ട്  മനുഷ്യ ജീവനുകൾ കടുവയെടുത്തു. ഇന്നലെയാണ് ഒടുവിലായി വാകേരി സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. 2015 മുതലാണ് കടുവയെടുത്ത മനുഷ്യ ജീവിന്‍റെ കണക്ക്, രേഖകൾ സഹിതം വനംവകുപ്പ് സൂക്ഷിക്കാൻ തുടങ്ങിയത്. 2015ന് മുമ്പും കടുവ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെങ്കിലും ഇതിന്‍റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

2015ൽ മാത്രം വയനാട്ടില്‍ മൂന്നുപേർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2015 ഫെബ്രുവരി 10ന് നൂൽപ്പുഴ പഞ്ചായത്തിലെ മുക്കുത്തിക്കുന്ന് സ്വദേശി ഭാസ്കരനും പിന്നീട് ഇതേ വര്‍ഷം ജൂലൈയില്‍ കുറിച്യാട് വനഗ്രാമത്തിലെ ബാബുരാജും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2015 നവംബറില്‍ തോല്‍പ്പെട്ടി റേഞ്ചിലെ വനം വാച്ചര്‍ കക്കേരി കോളനിയിലെ ബസവയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പിന്നീട് നാലു വർഷം കഴിഞ്ഞാണ് വയനാട്ടിൽ മറ്റൊരു കടുവ ആക്രമണത്തില്‍ മരണം റിപ്പോർട്ടു ചെയ്തത്. 2019 ഡിസംബർ 24ന് സുല്‍ത്താന്‍ ബത്തേരി പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയൻ വിറക് ശേഖരിക്കാൻ പോയതായിരുന്നു. പക്ഷേ തിരിച്ചു വന്നില്ല. തിരഞ്ഞു പോയവർ ജഡയന്‍റെ ചേതനയറ്റ മൃതദേഹമാണ് കണ്ടത്.  കടുവയുടെ ആക്രമണത്തിൽ മാരകമായി മുറിവേറ്റ് ,ശരീര ഭാഗങ്ങൾ വേർപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

തൊട്ടടുത്ത വർഷം ജൂൺ 16ന് വീണ്ടും കടുവ മനുഷ്യനെ പിടിച്ചു. അന്ന് പുൽപ്പള്ളി ബസവൻ കൊല്ലി കോളനിയിലെ ശിവകുമാർ ആണ് കൊല്ലപ്പെട്ടത്. വിറകു ശേഖരിക്കാൻ പോയപ്പോഴാണ് കടുവ കടിച്ചു കീറിയത്. 2023ൽ കടുവ രണ്ടുപേരെ കൊന്നു. രണ്ടു സംഭവവും വനത്തിന് പുറത്താണ് സംഭവിച്ചത്. ഈ വര്‍ഷം ആദ്യം ജനുവരിയിലാണ് പുതുശ്ശേരി വെള്ളാംര കുന്ന് സ്വദേശി തോമസിനെ കടുവ ആക്രമിച്ചത് . ഒടുവിലായി കടുവയുടെ ആക്രമണത്തിൽ പൊലിഞ്ഞത് ഇന്നലെ മരിച്ച വാകേരി സ്വദേശി പ്രജീഷ്. ഈ പട്ടികയിലേക്ക് മറ്റൊരു പേരും വരാതിരിക്കണമെങ്കില്‍ കാടിറങ്ങി കടുവകള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നതിന് ശാശ്വത പരിഹാരമുണ്ടായേ തീരു.

കടുവയെ പിടികൂടാന്‍ വനംവകുപ്പ്; ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

 

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു