കടുവയുടെ കാൽപ്പാടുകൾ നോക്കി, വനംവകുപ്പിന്‍റെ തെരച്ചിലും ഉണ്ടാകും

കല്‍പ്പറ്റ: സുൽത്താൻ ബത്തേരി വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കൂടല്ലൂർ സ്വദേശി പ്രജീഷിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളത്. അതിനുശേഷമാകും സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുക. ഇന്നലെ രാവിലെ 11 മണിയോടെയാണ് പാടത്ത് പുല്ലരിയാന്‍ പ്രജീഷ് പോയത്. എന്നാല്‍, വൈകിട്ട് പാലളക്കുന്ന സമയമായിട്ടും പ്രജീഷ് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. കടുവയ്ക്കായി കെണിവയ്ക്കാനാണ് സാധ്യത കൂടുതൽ. അതിന് പുറമെ, കടുവയുടെ കാൽപ്പാടുകൾ നോക്കി, വനംവകുപ്പിന്‍റെ തെരച്ചിലും ഉണ്ടാകും. പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതിനാല്‍ തന്നെ പ്രദേശത്ത് ജനങ്ങള്‍ വലിയ ഭീതിയിലാണ്. നരഭോജി കടുവയാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. സംഭവത്തെതുടര്‍ന്ന് ഇന്നലെ രാത്രി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിഎഫ്ഒ ഷജ്ന കരീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനും കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കാനും മേഖലയിലെ വനാതിര്‍ത്തിയില്‍ ടൈഗര്‍ ഫെന്‍സിങ് സ്ഥാപിക്കാനും യോഗത്തില്‍ ധാരണയായിരുന്നു. കാട് വെട്ടി തെളിക്കാൻ സ്വകാര്യ വ്യക്തികളായ ഭൂ ഉടമകൾക്ക് നിർദേശം നൽകാനും കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് നോർത്ത് സിസിഎഫിന് കൈമാറാനും ധാരണയായിരുന്നു. കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിറക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

വയനാട്ടില്‍ യുവാവിനെ കടുവ കടിച്ചു കൊന്നു ; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി

Kanam Rajendran Passes Away | കാനം രാജേന്ദ്രൻ അന്തരിച്ചു | CPI State Secretary | Asianet News Live