
ഇടുക്കി: അമ്മയുപേക്ഷിച്ചതിനെ തുടന്ന് വനപാലകർ എടുത്ത് വളർത്തിയ കടുവക്കുഞ്ഞിന് (Tiger Cub) വിദഗ്ദ്ധ ചികിത്സ നടത്താൻ ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചു. തിമിര ചികിത്സക്ക് അമേരിക്കയിൽ (America) നിന്ന് തുള്ളി മരുന്നെത്തിക്കും. രാജ്യത്ത് ആദ്യമായാണ് കടുവക്ക് ഈ മരുന്ന് ഉപയോഗിക്കുന്നത്. 2019 നവംബറിലാണ് പെരിയാർ കടുവ സങ്കേതത്തിലെ മംഗളാദേയിലുള്ള വനംവകുപ്പ് സ്റ്റേഷനിലേക്ക് രണ്ടുമാസം മാത്രം പ്രായമുണ്ടായിരുന്ന കടുവക്കുഞ്ഞ് ഇഴഞ്ഞെത്തിയത്. വനപാലകർ എടുത്ത് മംഗള എന്ന് പേരിട്ട് വളർത്തിയ കടുവക്കുട്ടിക്ക് ഇപ്പോൾ 15 മാസം പ്രായമായി.
വനത്തിലേക്ക് തിരിച്ച് വിടുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ണിന് തിമിരം ബാധിച്ചതിനാൽ കാഴച്ചക്കുറവുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ചികിത്സ തുടങ്ങി. ദേശീയ കടുവ സംരക്ഷണ അതോറിട്ടിയുടെ നിർദ്ദേശ പ്രകാരം കൂടുതൽ പരിശോധന നടത്താൻ വനം വകുപ്പ് ചീഫ് വെറ്റിനറി ഓഫീസർ അരുൺ സഖറിയയുടെ നേതൃത്വത്തിൽ നാല് ഡോക്ടർമാർ അടങ്ങുന്ന ആറംഗ സംഘത്തെ നിയോഗിച്ചു. വിശദമായ പരിശോധനക്ക് ശേഷമാണ് അമേരിക്കയിൽ നിന്നും ലാനോ സ്റ്റെറോൾ എന്ന മരുന്ന് എത്തിക്കാൻ തീരുമാനിച്ചത്.
അമേരിക്കയിൽ ഒരു കടുവയിലും കേരളത്തിൽ ഒരു നാട്ടാനയ്ക്കും ഈ മരുന്ന് ഉപയോഗിച്ച് മുമ്പ് ചികിത്സ നൽകിയിട്ടുണ്ട്. ഒരു വയലിന് 16,000 രൂപയിലധികമാണ് അമേരിക്കയിലെ വില. ഒരു മാസത്തിന് ശേഷം സംഘം വീണ്ടും പരിശോധന നടത്തും. രോഗം പൂർണ്ണമായി ഭേദമായാൽ മാത്രമേ വനത്തിലേക്ക് തിരികെ അയക്കു. കടുവക്കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഇരപിടിക്കുന്നുമുണ്ട്. 40 കിലോയോളം തൂക്കവുമുണ്ട്. കടുവ സങ്കേതത്തിൽ തയ്യാറാക്കിയ പ്രത്യേക സ്ഥലത്താണ് മംഗളയെ ഇപ്പോൾ സംരക്ഷിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam