ബസിന്‍റെ ക്യാരിയർ പരസ്യ ബോർഡിൽ കുരുങ്ങി, ബോര്‍ഡ് തലയില്‍ വീണു, ഗുരുതര പരിക്കേറ്റ് വയോധിക

By Web TeamFirst Published Jul 30, 2022, 6:25 AM IST
Highlights

സർജറിക്കുൾപെടെ ലക്ഷങ്ങൾ ചെലവായെങ്കിലും കെഎസ്ആർടിസി ഈ നിർധന കുടുംബത്തെ തിരിഞ്ഞ് നോക്കിയിട്ടില്ല.
 

കണ്ണൂര്‍: കണ്ണൂരിൽ കെഎസ്ആർടിസി ബസ് ഉണ്ടാക്കിയ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കഴിയുന്ന വീട്ടമ്മയുടെ ചികിത്സ വഴിമുട്ടി. ബസിന്‍റെ ക്യാരിയർ കേബിളിലും പരസ്യബോർഡിലും കുരുങ്ങി, ബോർഡ് തലയിൽ വീണാണ്  ശോഭനയെന്ന വഴിയാത്രക്കാരിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റത്. സർജറിക്കുൾപെടെ ലക്ഷങ്ങൾ ചെലവായെങ്കിലും കെഎസ്ആർടിസി ഈ നിർധന കുടുംബത്തെ തിരിഞ്ഞ് നോക്കിയിട്ടില്ല.

മാങ്ങാട്ടെ വീട്ടിൽ ഒന്ന് തിരിയാൻ പോലുമാകാതെ തളർന്ന് കിടക്കുകയാണ്  ശോഭന. സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ ആകുന്നില്ല.  ഇടയ്ക്ക് ബോധം വരുമ്പോൾ വേദന കടിച്ചമർത്തി മകളെ വിളിക്കും. രണ്ട് മാസം മുൻപ് നടന്നതെന്താണെന്ന് ശോഭനയ്ക്കിന്ന് ഓർമ്മയില്ല. മെയ് 28 ന് വൈകിട്ട് ശരീഫ ട്രാവത്സലിലെ ജോലി കഴിഞ്ഞ് നാട്ടിലേക്ക് ബസ് കയറാൻ കളക്ട്രേറ്റിനടുത്തുകൂടെ നടക്കുകയായിരുന്നു. അതുവഴിയേവന്ന കെഎസ്ആർടിസി ബസാണ് അപകടം ഉണ്ടാക്കിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ശോഭനയെ പൊലീസും നാട്ടുകാരും ഉടൻ എകെജി സഹകരണാശുപത്രിയിലെത്തിച്ചു. 

ചികിത്സയ്ക്ക് ഇതുവരെ മൂന്ന് ലക്ഷത്തിലധികം ചെലവായി. നാട്ടുകാര് പിരിവെടുത്തും കുടുംബാംഗങ്ങൾ സഹായിച്ചുമാണ് ഇത്രയും എത്തിച്ചത്. അപകടം ഉണ്ടാക്കിയ കെഎസ്ആർടിസിയോ,  റോഡിന് കുറുകെ അശാസ്ത്രീയമായി കേബിള്‍ കെട്ടിയ എയർടെൽ  ഉദ്യോഗസ്ഥരോ പിന്നീട് ഈ കുടുംബത്തെ തിരിഞ്ഞ് നോക്കിയിട്ടില്ല. . കളക്ടറേറ്റിന് മുന്നിൽ പൊതുനിരത്തിൽ അപകടമുണ്ടായിട്ട് ജില്ലാ ഭരണകൂടവും അനങ്ങുന്നില്ല. അപകടകരമായി വാഹനമോടിച്ചതിന് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തതിൽ തീരുന്നു നിയമ നടപടി.

'മകനെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘം', കൊലപ്പെടുത്തുമെന്ന് ഭീഷണിയെന്ന് പിതാവ്

പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമെന്നു പിതാവ് നാസർ. തട്ടിക്കൊണ്ടു പോയ ശേഷം ഇർഷാദ് ഫോണിൽ ബന്ധപ്പെട്ടു. കൊണ്ടുവന്ന സ്വർണ്ണം മറ്റു ചിലർക്ക് കൈ മാറിയതായി ഇർഷാദ് പറഞ്ഞെന്നും പിതാവ് പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും സ്വർണ്ണക്കടത്ത് സംഘം ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി. മകനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞു. താമരശ്ശേരി സ്വദേശി സാലിഹ് എന്നയാളാണ് നാസർ എന്ന പേരിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതെന്നും പിതാവ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് വിശദീകരിച്ചു. 

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. പിന്നെ കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു.  ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

കേസില്‍ അന്വേഷണം തുടരുകയാണ്. കൊടുവള്ളിയിലെ സ്വർണ്ണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണമിപ്പോൾ. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ ശേഷം വിവിധ നമ്പറുകളിൽ നിന്നും സ്വർണ്ണക്കടത്ത് സംഘം കുടുംബാംഗങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പറുകൾ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്ത സൂപ്പിക്കട സ്വദേശി സമീറിനെ ഇന്ന് ചോദ്യം ചെയ്യും. വിദേശത്ത് നിന്നും ഇർഷാദ് കൊണ്ടുവന്ന സ്വർണ്ണം സമീർ ഉൾപ്പെട്ട സംഘത്തിന് കൈമാറിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

click me!