
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത കളർ കോഡ് പുനഃപരിശോധിക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദേശം നൽകി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും കണക്കിലെടുത്താണ് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. റോഡ് സുരക്ഷ മുൻനിർത്തി ബസുകളിൽ സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ, കേരള മോട്ടോർ വാഹന ചട്ടം 264 പ്രകാരം 2021 ഓഗസ്റ്റ് 11-നാണ് എൽഎംവി അല്ലാത്ത കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഏകീകൃത കളർ കോഡ് നടപ്പാക്കിയത്. എന്നാൽ, കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രത്യേക നിറം നിഷ്കർഷിച്ചിട്ടില്ല.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങൾ ഇത്തരം നിയന്ത്രണങ്ങളില്ലാതെ കേരളത്തിൽ സർവീസ് നടത്തുമ്പോൾ, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകൾക്ക് മാത്രമായി ഏർപ്പെടുത്തിയ കളർ കോഡ് വിനോദസഞ്ചാര ഗതാഗത മേഖലയെ ദോഷകരമായി ബാധിച്ചതായി പരാതികൾ ഉയർന്നിരുന്നു. കേരളത്തിലെ നിയന്ത്രണങ്ങൾ കാരണം ഉടമകൾ മറ്റ് സംസ്ഥാനങ്ങളിൽ വാഹനം രജിസ്റ്റർ ചെയ്യുന്ന സാഹചര്യം ഉണ്ടായി. ഇത് മോട്ടോർ വാഹന നികുതി, പെർമിറ്റ് ഫീസ് എന്നിവയിലൂടെയുള്ള സർക്കാരിന്റെ വരുമാനത്തിൽ ഇടിവ് വരുത്താൻ ഇടയാക്കുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ്, 1988-ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 67 (1) (ഡി) പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് സർക്കാർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് പുനഃപരിശോധനാ നിർദേശം നൽകിയത്. കേന്ദ്ര ചട്ടങ്ങളും ഹൈക്കോടതിയുടെ മുൻ ഉത്തരവുകളും പൂർണമായി പാലിച്ച്, 2021-ലെ തീരുമാനം പുനഃപരിശോധിച്ച് ആവശ്യമായ തുടർ ഉത്തരവുകൾ പുറപ്പെടുവിക്കാൻ അതോറിറ്റിയോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്. അതേസമയം, റോഡ് സുരക്ഷ മുൻനിർത്തി ബസുകളുടെ ബോഡിയിലും സുരക്ഷാ ഗ്ലാസുകളിലും സിനിമാ താരങ്ങളുടെ ഭീമൻ ചിത്രങ്ങളോ എഴുത്തുകളോ പതിക്കാൻ പാടില്ലെന്ന ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം പുതിയ നടപടികളെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam