കുടുംബം മുഴുവൻ കൊവിഡ് ബാധിച്ചു, ഒറ്റപ്പെട്ട വളർത്തുമൃഗങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് സന്നദ്ധകൂട്ടായ്മ

By Web TeamFirst Published Jun 19, 2021, 6:20 PM IST
Highlights

കുടുംബത്തിലെ അഞ്ച് പേരെയും കൊവിഡ് പിടികൂടിയപ്പോൾ വെടിവെച്ചാൻകോവിൽ സ്വദേശി വിശ്വംഭരന്റെ  വലിയ ആശങ്ക വളർത്തുമൃഗങ്ങളുടെ കാര്യത്തിലായിരുന്നു. 

തിരുവനന്തപുരം: ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും കൊവിഡ് ബാധിച്ചപ്പോൾ പ്രതിസന്ധിയിലായ വളർത്തുമൃഗങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് സന്നദ്ധ കൂട്ടായ്മ. തിരവനന്തപുരം വെടിവെച്ചാൻകോവിലിലാണ് സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സന്നദ്ധസേന 20 ആടുൾപ്പടെ മൃഗങ്ങളുടെ സംരക്ഷണത്തിന് എത്തിയത്.

കുടുംബത്തിലെ അഞ്ച് പേരെയും കൊവിഡ് പിടികൂടിയപ്പോൾ വെടിവെച്ചാൻകോവിൽ സ്വദേശി വിശ്വംഭരന്റെ  വലിയ ആശങ്ക വളർത്തുമൃഗങ്ങളുടെ കാര്യത്തിലായിരുന്നു. ഒന്നും രണ്ടുമല്ല. ഇരുപത് ആടും, 22 കോഴിയും, മുയലും നായയും. ഇവയ്ക്കെല്ലാം തീറ്റ കൊടുക്കാൻ പറ്റാതായി. അങ്ങനെയാണ്  കൊവിഡ് കാലത്ത് നാട്ടിൽ എന്ത് ആവശ്യത്തിനും മുന്നിലുള്ള സന്നദ്ധ സേനയെ വിളിച്ച് ആവശ്യം പറഞ്ഞത്. ഇരുപത്തി രണ്ടു പേരുടെ കൂട്ടായ്മ അങ്ങനെ പ്ലാവിലയുൾപ്പടെ തീറ്റയുമായി വിശ്വംഭരന്റെ വീട്ടിലെത്തി.

കുടുംബത്തിലുള്ളവർ കൊവിഡ് നെഗറ്റീവായി പുറത്തിറങ്ങുന്നത് വരെ മൃഗങ്ങളെ സന്നദ്ധ സേന സംരക്ഷിക്കും. രോഗികളെ ആശുപത്രിയിലെത്തിക്കാനും കൊവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്ക് പുസ്തകം എത്തിച്ചും, ഭക്ഷ്യകിറ്റ് വിതരണവുമെല്ലാമായി കൊവിഡ് കാലത്ത് സജീവമാണ് സിപിഐ പള്ളിച്ചൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ കൂട്ടായമ്.

click me!