ജനലഴികള്‍ മുറിച്ചുമാറ്റിയത് മൂന്ന് മാസം മുമ്പ്, മുറിയില്‍ കട്ടില്‍പോലുമില്ല; റഹ്മാനെ തള്ളി മാതാപിതാക്കള്‍

By Web TeamFirst Published Jun 12, 2021, 10:05 AM IST
Highlights

മൂന്ന് വര്‍ഷം മുമ്പാണ് വീടിന്റെ മേല്‍ക്കൂര പുതുക്കി പണിഞ്ഞത്. അന്ന് എല്ലാവരും ആ മുറിയില്‍ കയറിയിരുന്നു. ഒരുകട്ടില്‍പോലും മുറിക്കകത്ത് ഇല്ല. ചെറിയ ടീ പോയ് മാത്രമാണ് ഉണ്ടായിരുന്നത്. സജിതയെ റഹ്മാന്‍ മറ്റെവിടെയോ ആണ് ഒളിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു. 

പാലക്കാട്: നെന്മാറയില്‍ കാമുകിയെ 10 വര്‍ഷം സ്വന്തം വീട്ടിലെ മുറിയില്‍ ആരുമറിയാതെ താമസിപ്പിച്ചുവെന്ന യുവാവിന്റെ വാദം തള്ളി മാതാപിതാക്കള്‍. റഹ്മാന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും മകന്‍ പറയുന്നതില്‍ സത്യമില്ലെന്നും മാതാപിതാക്കളായ മുഹമ്മദ് കരീമും ആത്തിക്കയും മാധ്യമങ്ങളോട് പറഞ്ഞു. 

സജിത ശുചിമുറിയിലേക്ക് പോകാന്‍ പുറത്തിറങ്ങാറുണ്ടെന്ന് റഹ്മാന്‍ പറഞ്ഞ ജനലിന്റെ അഴികള്‍ മൂന്ന് മാസം മുമ്പാണ് മുറിച്ചുമാറ്റിയത്. അതിന് മുമ്പ് അതിലൂടെ ഒരാള്‍ക്ക് പോകാന്‍ സാധിക്കില്ല. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചത്. ആ മുറിയില്‍ വേറെയാരെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് വീടിന്റെ മേല്‍ക്കൂര പുതുക്കി പണിഞ്ഞത്. അന്ന് എല്ലാവരും ആ മുറിയില്‍ കയറിയിരുന്നു. ഒരുകട്ടില്‍പോലും മുറിക്കകത്ത് ഇല്ല. ചെറിയ ടീ പോയ് മാത്രമാണ് ഉണ്ടായിരുന്നത്. സജിതയെ റഹ്മാന്‍ മറ്റെവിടെയോ ആണ് ഒളിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു. 

അതേസമയം സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മിഷന്‍ വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഉടന്‍തന്നെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും.

സജിത എന്ന യുവതി അയല്‍വാസിയായ റഹ്മാന്‍ എന്ന യുവാവിനൊപ്പം ഇത്രയും കാലം അയാളുടെ വീട്ടിലെ ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും ഇതിനുള്ളില്‍ കഴിഞ്ഞുവെന്ന വാര്‍ത്ത അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമാണ്. ആര്‍ത്തവകാലമുള്‍പ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ കഴിയാന്‍ നിര്‍ബന്ധിതയായിയെന്നത് അവരെ താമസിപ്പിച്ച റഹ്മാനെതിരെ നിയമനടപടി വേണ്ടതരത്തില്‍ മനുഷ്യാവകാശ ലംഘനമാണ്.

വാതിലില്‍ വൈദ്യുതി കടത്തിവിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിലൂടെ പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് ഈ സംഭവമെന്ന് കമ്മിഷന്‍ വിലയിരുത്തി. അതേസമയം, സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുമുണ്ട്. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നെന്മാറ സിഐയോട് ആവശ്യപ്പെട്ടു. യുവതിക്ക് കൗണ്‍സിലിങ് നല്‍കാനും നിര്‍ദ്ദേശമുണ്ട്.

നെന്മാറ അയിലൂരിലാണ് കാമുകിയായ സാജിതയെ റഹ്മാന്‍ സ്വന്തം വീട്ടില്‍ പത്തുവര്‍ഷത്തോളം ആരുമറിയാതെ താമസിപ്പിച്ചത്. സ്വന്തം മുറിയോട് ചേര്‍ന്ന് പ്രത്യേക സജ്ജീകരണങ്ങളൊരുക്കി വീട്ടുകാരെ വരെ അടുപ്പിക്കാതെയായിരുന്നു റഹ്മാന്‍ സജിതയെ ഒളിപ്പിച്ച് നിര്‍ത്തിയത്.

click me!