അക്രമസ്വഭാവമുള്ള തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ പൂരത്തിന് ഇറക്കുന്നത് അഭികാമ്യമല്ലെന്ന് വനംമന്ത്രി

Published : May 07, 2019, 03:48 PM ISTUpdated : May 07, 2019, 04:25 PM IST
അക്രമസ്വഭാവമുള്ള തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ പൂരത്തിന് ഇറക്കുന്നത് അഭികാമ്യമല്ലെന്ന് വനംമന്ത്രി

Synopsis

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏഴ് മനുഷ്യരും രണ്ട് ആനകളും തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് വനംമന്ത്രി. 

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാവുന്ന അവസ്ഥയില്‍ അല്ല തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍റെ ആരോഗ്യനിലയെന്ന് വനംവകുപ്പ് മന്ത്രി കെ.രാജു. അക്രമ സ്വഭാവമുള്ള ആനയെ തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കുനത് അഭികാമ്യമല്ലെന്നും ആളുകൾക്കിടയിലേക്ക് ആനയെ ഇറക്കിയാൽ ഉണ്ടാകുന്ന ദുരന്തം പറഞ്ഞറിയിക്കാനാകാത്തതാണെന്നും ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ വനംമന്ത്രി വ്യക്തമാക്കി. നിലവിലെ അവസ്ഥയില്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസറുടെ റിപ്പോര്‍ട്ടെന്നും കേവലം ആവേശപ്രകടനമല്ല ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാന്യമെന്നും വനംമന്ത്രി വ്യക്തമാക്കി. 

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ‍ എന്ന ആനയ്ക്ക് രേഖകൾ  പ്രകാരം 54 വയസ്സ് കഴിഞ്ഞതായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയിൽ മനസ്സിലായിട്ടുണ്ട്.  അത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ‍ ഉള്ളതും പ്രായം ചെന്നതു കാരണം സാധാരണ നിലയിലുള്ള കാഴ്ച ശക്തി ഇല്ലാത്തതുമാണ്. വലതുകണ്ണിന് തീരെ കാഴ്ചയില്ലാത്തതിനാൽ ഒറ്റ കണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചു കൊണ്ട് ഉടമസ്ഥർ‍ കഠിനമായി പീഢിപ്പിക്കുകയായിരുന്നു.  

അതിന്റെ കാഴ്ചശക്തി കുറവ് കാരണം എല്ലാ വശങ്ങളിലുമായി 4 പാപ്പാന്‍മാരുടെ സഹായത്തിലാണ് അതിനെ ഉത്സവങ്ങളിൽ എഴുന്നെള്ളിക്കാറുണ്ടായിരുന്നത്.  ഇതൊക്കെയായിട്ടും അത് പല തവണ അക്രമാസക്തമായിട്ടുണ്ട്.  2009 മുതലുള്ള കണക്കുകൾ‍‍ മാത്രം പരിശോധിച്ചാൽ ‍ അത് 7 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.  അത് കൂടാതെ തിരുവമ്പാടി ചന്ദ്രശേഖരൻ‍, കൂനത്തൂർ‍ കേശവൻ‍‍ എന്നീ നാട്ടാനകളെ കുത്തി കൊലപ്പെടുത്തിയിട്ടുമുണ്ട്.  ഏറ്റവുമൊടുവിലായി 08-02-19 ൽ‍ രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏർ‍പ്പെടുത്തിയത്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആനയുടമകൾ‍ നല്‍കേണ്ട നഷ്ടപരിഹാരമോ ഇന്‍ഷൂറന്‍സ് തുകയോ പോലും പല കേസുകളിലും ഇനിയും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത.  

ഇത്രയും അക്രമ സ്വഭാവമുള്ള ആനയെ തലയെടുപ്പിന്റെ മികവു കൊണ്ട് മാത്രം തൃശ്ശൂർ‍ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നെള്ളിച്ചാൽ‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും. അമ്പലപരിസരം മുഴുവൻ‍ തിങ്ങി നിറഞ്ഞിരിക്കുന്ന ആളുകളിൽ‍ എഴുന്നെള്ളിച്ചു നിൽ‍ക്കുന്ന ഈ ആനയുടെ ഒരു ചെറിയ പിണക്കമോ പ്രതികരണമോ പോലും വലിയ ദുരന്തമായി മാറാൻ‍ സാദ്ധ്യതയുണ്ട്. അപകടകാരികളായ ഇത്തരം ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നെള്ളിച്ചു കൊണ്ടു വരുന്നത് സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാൻ‍‍ കഴിയാത്തതാണ്.  

ഈ ആനയെ സംബന്ധിച്ച് വിദഗ്ധരായ ആളുകൾ‍ ഉൾപ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈൽ‍ഡ്‌ലൈഫ് വാർ‍ഡന് റിപ്പോർ‍ട്ട് സമർ‍പ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ‍ ഇതിനെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ല എന്ന് ചീഫ് വൈൽ‍ഡ്‌ലൈഫ് വാർ‍ഡൻ‍‍ റിപ്പോർ‍ട്ട് ചെയ്തിട്ടുള്ളതുമാണ്.  ഈ ആനയെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം ജില്ലാ കളക്ടർ‍ക്കാണ്. ഇക്കാര്യത്തിൽ‍ കേവലം ആവേശം പ്രകടനങ്ങൾക്കല്ല ജനനന്മ ലക്ഷ്യമാക്കി ജനങ്ങൾ‍ക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുൻ‍കരുതലുകൾക്കാണ് സർ‍ക്കാർ‍ പ്രാധാന്യം കൊടുക്കുന്നത്.  

ഉത്സവങ്ങളും പൂരങ്ങളുമെല്ലാം മുൻ‍‍വർ‍ഷങ്ങളിലെപ്പോലെ തന്നെ യാതൊരു തടസ്സവും കൂടാതെ നടത്തുന്നതിനുള്ള തീരുമാനമാണ് സർ‍ക്കാർ‍ സ്വീകരിച്ചു നടപ്പാക്കുന്നത്. ഈ വിഷയം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചരണങ്ങൾ  നടക്കുന്നുണ്ട്.  എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികൾ‍ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള, ജനങ്ങളുടെ ജീവന് അൽ‍പ്പവും വില കൽ‍പ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചരണങ്ങൾ‍ക്ക് പിന്നിൽ‍.  ഇത് മനസ്സിലാക്കി ജനങ്ങൾ ഇത്തരം വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്ന് അഭ്യർ‍ത്ഥിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല