
കോട്ടയം: കോട്ടയം മേലുകാവ് സെന്‍റ് തോമസ് പളളിയില്‍ മോഷണം. പളളിയുടെ വാതില്‍ കരിങ്കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ നേര്‍ച്ചപ്പെട്ടികള്‍ കടത്തി. മേലുകാവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് കഷ്ടിച്ച് നൂറു മീറ്റര്‍ മാത്രം അകലെയുളള പളളിയിലാണ് മോഷണം നടന്നത്.
രണ്ട് വലിയ കരിങ്കല്ലുകള്‍ കൊണ്ട് പളളിവാതിലിന്‍റെ താഴ്വശം തകര്‍ത്താണ് കളളന്‍ അകത്ത് കടന്നത്. രണ്ട് നേര്‍ച്ചപ്പെട്ടികള്‍ കളളന്‍ കൊണ്ടുപോയി. പളളിക്കടുത്ത് നിര്‍മാണം നടക്കുന്ന ഓഡിറ്റോറിയത്തിന് സമീപം കുത്തിത്തുറന്ന നിലയില്‍ നേര്‍ച്ചപ്പെട്ടികള്‍ പിന്നീട് കിട്ടി. ഇതിലുണ്ടായിരുന്ന പണമത്രയും നഷ്ടപ്പെട്ടു. പതിനായിരത്തിൽ അധികം രൂപ മോഷ്ടിക്കപ്പെട്ടു എന്നാണ് പൊലീസ് അനുമാനം. പുലര്‍ച്ചെ അഞ്ചരയ്ക്ക് കുര്‍ബാനയ്ക്കായി പളളി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
മേലുകാവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് കഷ്ടിച്ച് നൂറു മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പളളിയിലുണ്ടായ മോഷണം പൊലീസിനെയും ഞെട്ടിച്ചു. വിരലടയാള വിദഗ്‍ധരും ശ്വാനസേനയും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. നായ മണം പിടിച്ച് ഓടിയത് സമീപത്തെ കുറ്റിക്കാട്ടിലേക്കാണ്. രണ്ട് പേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയത് എന്ന അനുമാനത്തിലാണ് പൊലീസ്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പാലാ എഎസ്‍പി നിഥിന്‍രാജ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവര ശേഖരണം നടത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam