കേരളത്തിൽ ഇന്ത്യ സഖ്യമൊന്നുമില്ല, സിപിഎമ്മിനെതിരെ കോൺഗ്രസ് പോരാട്ടം, നിലപാട് പറ‍ഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി

Published : Feb 03, 2024, 11:15 PM IST
കേരളത്തിൽ ഇന്ത്യ സഖ്യമൊന്നുമില്ല, സിപിഎമ്മിനെതിരെ കോൺഗ്രസ് പോരാട്ടം, നിലപാട് പറ‍ഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി

Synopsis

കേരളത്തില്‍ സി പി എം - ബി ജെ പി രഹസ്യ ധാരണയുണ്ടെന്നും അവര്‍ ആരോപിച്ചു.   

തൃശൂര്‍: ഇന്ത്യാ സഖ്യം കേരളത്തില്‍ ഇല്ലെന്നും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടക്കുകയെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ സി പി എം - ബി ജെ പി രഹസ്യ ധാരണയുണ്ടെന്നും അവര്‍ ആരോപിച്ചു. 

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ കേരളത്തില്‍ വെല്ലുവിളികള്‍ കൂടുതലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയവും രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചാ വിഷയങ്ങളായിരുന്നു. ഇക്കുറി വെല്ലുവിളികള്‍ വ്യത്യസ്തമാണ്. കേരളത്തില്‍ അക്കൗണ്ട് തുറക്കാനാണ് ബി.ജെ.പിയുടെ ശ്രമം. 

തൃശൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ അവര്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ആര്‍.എസ്.എസ് അതിന് വേണ്ടി കഠിനമായി പരിശ്രമിക്കുന്നുണ്ട്. അതിനെതിരെ ശക്തമായ പോരാട്ടം കേരളത്തില്‍ കോണ്‍ഗ്രസ് കാഴ്ച്ച വെയ്ക്കും. അതിനുള്ള ആത്മവിശ്വാസം കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യദിനം മുതല്‍ പോരാട്ടം കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ആയിരിക്കുമെന്നും ദീപാദാസ് മുന്‍ഷി കൂട്ടിച്ചേര്‍ത്തു.

തൃശൂരില്‍ ലക്ഷംപേര്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസിന്റെ മഹാസമ്മേളനം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

തൃശൂര്‍: കേരളത്തില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച്ച  തൃശൂരില്‍ തുടക്കമാകും. നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് തേക്കിന്‍കാട് മൈതാനിയില്‍ ഒരുലക്ഷത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മഹാജനസഭ നടക്കും. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ രണ്ട് തവണ തൃശൂര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് മറുപടി നല്‍കുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടി പരിപാടിയില്‍ ഉണ്ട്. കോണ്‍ഗ്രസ് കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും പാടെ തകര്‍ന്ന് അടിഞ്ഞിരുന്നു. ലോകസഭയില്‍ സീറ്റുകളുടെ എണ്ണത്തില്‍ മൂന്നക്കം കടക്കാന്‍ ആയിട്ടില്ല. രണ്ട് തവണയും പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമായി. ഈ അവസരത്തില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്തെ 25177 ബൂത്തുകളില്‍നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000ത്തില്‍പ്പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എ.ഐ.സി.സി. തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും  മഹാജനസഭയില്‍ പങ്കെടുക്കും. ബൂത്ത് ശാക്തീകരണത്തിലൂടെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് അടിമുടി മാറ്റം കൊണ്ടുവരാന്‍ കരുത്തുപകരുന്ന സമ്മേളനത്തിനാണ് നേതൃത്വം നല്‍കുന്നത്. ബൂത്ത് തലം വരെയുള്ള ഭാരവാഹികളെ എ.ഐ.സി.സി. അധ്യക്ഷന്‍  അഭിസംബോധന ചെയ്യുന്ന രീതിയിലാണ് മഹാജനസഭ സംഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ ബൂത്ത് പ്രസിഡന്റുമാര്‍ക്ക് ഫോട്ടോ പതിപ്പിച്ച സ്ഥിരം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും കെ.പി.സി.സി. തീരുമാനിച്ചിട്ടുണ്ടെന്നു ഭാരവാഹികള്‍ പറഞ്ഞു.

ബൂത്ത് വൈസ് പ്രസിഡന്റുമാരായ എല്ലാ വനിതകളെയും പങ്കെടുപ്പിക്കുന്നുവെന്നതും സവിശേഷതയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരായ പോര്‍മുഖം പാര്‍ട്ടിയുടെ താഴെത്തട്ടില്‍ ശക്തമാക്കുക എന്നതാണ് മഹാജനസഭയുടെ ലക്ഷ്യം. ഇരുസര്‍ക്കാരുകളുടെയും ഫാസിസ്റ്റ് ജനാധിപത്യ വിരുദ്ധ നടപടികളെ ഗൃഹസന്ദര്‍ശനം നടത്തി നേതാക്കള്‍ വിശദീകരിക്കുന്നത് ഉള്‍പ്പെടെയുള്ള വിപുലമായ പ്രചരണ പരിപാടികള്‍ക്ക് ഈ സമ്മേളനത്തോടെ തുടക്കം കുറിക്കും. എല്ലാ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെ തൃശൂരിലെത്തിക്കുന്നതിന് ആവശ്യമായ വാഹനക്രമീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  രൂപം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സംഘടനാ ശക്തിതെളിയിക്കുന്ന വലിയ പരിപാടിയായിട്ടാണ് കെ.പി.സി.സി. നേതൃത്വം മഹാജനസഭയെ നോക്കികാണുന്നത്.  

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. അധ്യക്ഷത വഹിക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി  കെ.സി. വേണുഗോപാല്‍ എം.പി., പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍, വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസന്‍, ടി.എന്‍. പ്രതാപന്‍, ബെന്നി ബഹനാന്‍, രമ്യ ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

'വിവാദ കമന്റ്, കലാപ ശ്രമം': ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം