ഏകാധ്യാപക വിദ്യാലയങ്ങളില്‍ ശമ്പളമില്ല; ഫണ്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

By Web TeamFirst Published Nov 8, 2020, 9:05 AM IST
Highlights

സംസ്ഥാനത്തെ 270 ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കുമെന്ന വാഗ്ദാനവും നടപ്പാകാതെ നീളുകയാണ്.
 

തിരുവനന്തപുരം: സംസ്ഥാനത്തെ ഏകധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് വീണ്ടും ശമ്പളം മുടങ്ങി. രണ്ട് മാസമായി ശമ്പളമില്ലാതെ വലയുകയാണ് ഏകധ്യാപക വിദ്യാലയങ്ങളിലെ  340 ഓളം അധ്യാപകര്‍.  സ്ഥിരനിയമന വാഗ്ദാനവും ഇതുവരെ പാലിച്ചില്ല. ഒന്‍പത് മാസം മുമ്പ്,   ഒരു നിരാഹാര സമരത്തിലൂടെയാണ് അമ്പൂരി തൊടുമലയിലെ  ഉഷ ടീഷറെ കേരളം അറിയുന്നത്.

കിലോമീറ്ററുകളോളം കാട്ടിലൂടെ നടന്ന് കുന്നും മലയും കേറി പോയി പഠിപ്പിച്ചിട്ടും ശമ്പളം കിട്ടാത്ത, സ്ഥിര നിയമനമില്ലാത്ത ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ പ്രതിനിധിയായാണ് ടീച്ചര്‍ അന്ന് സമരമിരുന്നത്. സമരം കേരളമേറ്റെടുത്തതോടെ ആറ് മാസത്തെ കുടിശ്ശിക തീര്‍ത്ത് സര്‍ക്കാര്‍ ശമ്പളം നല്‍കി. പക്ഷെ സെപ്റ്റംബറോടെ വീണ്ടും ശമ്പളം മുടങ്ങി. സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്ന ഈ സമയത്തും ഇവര്‍ക്ക് വീട്ടിലിരിക്കാനായിട്ടില്ല. കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസ് കാണിക്കാനായി ഇപ്പോഴും കാട് കേറുകയാണ് ഇവര്‍.

സംസ്ഥാനത്തെ 270 ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കുമെന്ന വാഗ്ദാനവും നടപ്പാകാതെ നീളുകയാണ്. സര്‍ക്കാരിന്റെ കാലാവധി തീരുംമുമ്പെങ്കിലും വര്‍ഷങ്ങളുടെ സേവനവും കഷ്ടപ്പാടും സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഫണ്ടില്ലാത്തത് കൊണ്ടാണ് ശമ്പളം വൈകുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. സ്ഥിര നിയമനത്തില്‍ എന്ന് തീരുമാനമുണ്ടാകുമെന്ന് വകുപ്പിനും ഉത്തരമില്ല

click me!