
ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതക കേസുകളിൽ (Alappuzha Murder Cases) കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഇന്നലെ രാത്രിയും കൊലയാളി സംഘങ്ങൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ആർഎസ്എസ് (RSS), എസ്ഡിപിഐ (SDPI) പ്രവർത്തകരുടെ വീടുകളിലായിരുന്നു പരിശോധന.
ബിജെപി നേതാവ് രൺജീതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്ഡിപിഐ പ്രവർത്തകരായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരാണ് പ്രതികൾ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളാണ് ഇവർ. ഷാൻ വധക്കേസിൽ റിമാൻഡിൽ ആയിരുന്ന രണ്ട് ആർഎസ്എസ് പ്രവർത്തകരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
മന്ത്രിസഭായോഗം ഇന്ന്
ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്ന് നടക്കും. ഓൺലൈനായി രാവിലെ ഒൻപതരക്കാണ് യോഗം ചേരുക. പൊലീസ് നടപടികൾ , സമാധാനശ്രമങ്ങൾ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയിൽ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിച്ചേക്കും. ഇന്റലിജൻസിനും പൊലീസിനും വീഴ്ചകൾ സംഭവിച്ചു എന്ന വിലയിരുത്തലുണ്ടെങ്കിലും അത് മന്ത്രിസഭയിൽ ഉന്നയിക്കപ്പെടാൻ സാധ്യത കുറവാണ്. പൊലീസിൽ ആർ.എസ്.എസ് ഘടകം ഉണ്ടെന്ന ആരോപണം ആവർത്തിച്ചുയരുന്നതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഒമിക്രോൺ സ്ഥിതിയും മന്ത്രി സഭ വിലയിരുത്തും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളും വിപണി ഇടപെടലും പരിഗണനക്ക് വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam