
ദില്ലി: വോട്ടുകൊള്ളയ്ക്കെതിരെ വൻ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജയിലിൽ പോകാൻ മടിയില്ലെന്നും തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളെക്കുറിച്ച് ലോക്സഭയിൽ നടക്കുന്ന ചർച്ചയിൽ കെസി വേണുഗോപാൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമാകണം എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷനെ നിശ്ചയിക്കാനുള്ള സമിതിയിൽ ചീഫ് ജസ്റ്റിസ് കൂടി വേണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമം കൊണ്ടു വന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിന്‍റെ ഭാഗമാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു.
കേരളത്തിൽ എസ്ഐആർ നീട്ടിവയ്ക്കണം എന്ന സംസ്ഥാന നിയമസഭയുടെ ആവശ്യം കമ്മീഷൻ തള്ളിയത് പക്ഷപാത നിലപാടിന് ഉദാഹരണം ആണെന്നും കെസി വേണുഗോപാൽ പറഞ്ഞു. സ്വന്തം കഴിവുകേടിന് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് തിരിച്ചടിച്ചു. സേന മേധാവിയെ അടക്കം തെരഞ്ഞെടുക്കുന്ന സർക്കാരിന് വിവിധ സ്ഥാപനങ്ങളിലുള്ളവരെ നിയമിക്കാൻ ചീഫ് ജസ്റ്റിസിന്‍റെ സഹായം കൂടിയേ തീരു എന്ന വാദം ജനാധിപത്യപ്രക്രിയയുടെ ഗരിമ ഇടിക്കുന്നതാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.